നവജാത ശിശുവിനെ ട്രെയിന്‍ ടോയ്‌ലെറ്റിലെ ഫ്‌ളഷില്‍ ഉപേക്ഷിച്ചു

ഛണ്ഡീഗഡ്: ട്രെയിന്‍ ടോയ്‌ലെറ്റിലെ ഫ്‌ളഷില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി. യാത്ര അവസാനിപ്പിച്ച ശേഷം ശുചീകരണത്തിന് നിര്‍ത്തിയിട്ടപ്പോഴാണ് തൊഴിലാളികള്‍ കഴുത്തില്‍ ദുപ്പട്ട ചുറ്റിയ നിലയില്‍ നവജാത ശിശുവിനെ കണ്ടത്. തൊഴിലാളികള്‍ ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

ശനിയാഴ്ച്ച വൈകുന്നേരം അമൃത്സര്‍ ഹൗറ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. കൊടും തണുപ്പിലും ടോയ്‌ലറ്റ്‌ ഫ്ളഷില്‍ ഉപേക്ഷിച്ചിട്ടും കുട്ടി അപകടം കൂടാതെ രക്ഷപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി അപകടനില തരണം ചെയ്തു.

കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തുമ്പോള്‍ കുട്ടി വിറയ്ക്കുന്ന നിലയിലായിരുന്നുവെന്നും അമൃത്സര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.

കുട്ടിയെ ആരാണ് ട്രെയിനില്‍ ഉപേക്ഷിച്ചതെന്നറിയാന്‍ റെയില്‍വേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനായി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

കുട്ടിയുടെ കഴുത്തില്‍ ഒരു ഷാള്‍ കെട്ടിയിരുന്നത് കുട്ടിയെ ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ശ്രമിച്ചിരുന്നുവോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നു.