സന്നിധാനം തീര്‍ത്തും ശാന്തം; സുഗമമായി ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍

പമ്പ: മനിതി സംഘത്തിന്റെ വരവോടെ ഏഴ് മണിക്കൂറോളം പമ്പ സംഘര്‍ഷ ഭരിതമായിരുന്നുവെങ്കിലും ശബരിമല സന്നിധാനം തീര്‍ത്തും ശാന്തമായിരുന്നു. സംഘര്‍ഷം രൂക്ഷമായ മണിക്കൂറുകളിലും തീര്‍ത്ഥാടകര്‍ സുഗമമായി ദര്‍ശനം നടത്തി. ഉച്ചവരെ അമ്പതിനായിരത്തിലധികം പേരാണ് എത്തിയത്. അതേസമയം പ്രതിഷേധക്കാരേയും ദര്‍ശനത്തിനെത്തുന്ന യുവതികളേയും ലക്ഷ്യമിട്ട് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പുലര്‍ച്ചെ നട തുറന്നത് മുതല്‍ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വലിയ തിരക്കായിരുന്നു. മനീതി കൂട്ടായ്മ സംഘം പമ്പയിലെത്തിയതോടെ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ പൊലീസ് അതീവ ജാഗ്രതയിലായി. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം നീട്ടി. സന്നിധാനത്തെ ഡ്യൂട്ടി മജിസ്‌ട്രേറ്റും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. മനീതി സംഘം രണ്ടാമതും മലചവിട്ടാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമാണ് വലിയ നടപ്പന്തലില്‍ പൊലീസ് നിലയുറപ്പിച്ചത്. എന്നാല്‍ ഇവര്‍ പമ്പയില്‍ നിന്ന് മടങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസ് പിന്‍വാങ്ങി.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇന്ന് കൂടുതലായി എത്തിയത്. പരമ്പരാഗത കാനനപാത വഴിയും ഇപ്പോള്‍ ധാരാളമായി തീര്‍ത്ഥാടകരെത്തുന്നുണ്ട്. നിരോധനാജ്ഞ നിലവിലുള്ള സാഹചര്യത്തില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. സന്നിധാനത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതി നിരീക്ഷണസമിതിയെയും കൃത്യമായി അറിയിക്കുന്നുണ്ട്.