ഇപ്പോൾ കൊച്ചി പഴയ കൊച്ചിയല്ല

കൊച്ചി പഴയ കൊച്ചിയല്ല, ലഹരി കേന്ദ്രമായും അധോലോകം വാഴുന്ന നഗരമായും കൊച്ചി മാറുകയാണ്.മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘമാണ് നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ വെടിവയ്പ് നടത്തിയതെന്ന് വ്യക്തമായതോടെ ജനങ്ങളും പൊലീസും മാത്രമല്ല പ്രാദേശിക ഗുണ്ടകളും ഞെട്ടിയിരിക്കുകയാണ്.

മുംബൈയെ വിറപ്പിച്ച അധോലോക കുറ്റവാളിക്ക് കൊച്ചിയില്‍ എന്തു കാര്യമെന്ന് അന്വേഷിച്ചു പിറകെ വച്ചു പിടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം എവിടെ കൊണ്ട് ചെന്നെത്തിക്കും എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.

കൊച്ചി പോലുള്ള മഹാനഗരത്തില്‍ പട്ടാപകല്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തവരെ ഇതുവരെ പിടികൂടാന്‍ കഴിയാതിരുന്നത് പൊലീസിന്റെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഈ നഗരത്തില്‍ എങ്ങനെ സുരക്ഷിതരായി ജീവിക്കും എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയാണെന്ന് പഴയ സംഘാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് വ്യക്തമായത്. കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തവരെ കേരള പൊലീസ് ചോദ്യം ചെയ്ത് ശബ്ദം കേള്‍പ്പിച്ചപ്പോള്‍ ലഭിച്ച മറുപടി പൊലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ പോകേണ്ടി വന്നെങ്കിലും രവി പൂജാരി നേരിട്ട് ലീന മരിയയെ ഭീഷണിപ്പെടുത്തിയെന്ന് കേരള പൊലീസ് ആദ്യം വിശ്വസിച്ചിരുന്നില്ല.

ഇതോടെ ഈ കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി ഭീഷണിപ്പെടുത്തണമെങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ലീന മരിയയുടെ ഇടപാടുകള്‍ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.

എന്താണ് കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത് എന്നതിനെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ലാത്ത സാഹചര്യമാണ് ഉള്ളത്.

മുംബൈ അധോലോകത്തിന് സഹായികളായി കൊച്ചിയിലെ ഏതെങ്കിലും സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.

നവംബര്‍ മുതല്‍ തനിക്ക് ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി ലീന പറഞ്ഞിട്ടും എന്തുകൊണ്ട് അവരുടെ ഫോണുകള്‍ പൊലീസ് നിരീക്ഷിച്ചില്ല എന്ന ചോദ്യവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഈ ഭീഷണി കോളുകള്‍ക്ക് പിന്നാലെ കൃത്യമായി പൊലീസ് പോവുകയും ലീന മരിയയെ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തിരുന്നുവെങ്കില്‍ വെടിവയ്പ് നടത്തിയവരെ പിടികൂടാന്‍ കഴിയുമായിരുന്നു.

കൊച്ചു കടവന്ത്രയിലെ ബ്യൂട്ടി സലൂണില്‍ പകല്‍ വന്ന് വെടിവെച്ച് പോയവരെ സിറ്റിയില്‍ ശക്തമായ പൊലീസിങ്ങ് ഉണ്ടായിരുന്നുവെങ്കിലും അന്ന് തന്നെ പിടികൂടാന്‍ കഴിയുമായിരുന്നു. ഇവിടെയാണ് പൊലീസിങ് ദയനീയമായി പരാജയപ്പെട്ടത്.

ലഹരിയുടെ ഹബായി മാറി കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ലഹരി കേസുകളില്‍പ്പെടുന്ന യുവാക്കളെ ലഹരിയുടെ വിപണനത്തിനായി ഉപയോഗിക്കുന്നതായ ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

കേരളത്തിലും ബംഗളൂരിവിലും ലഹരി വിപണനം നടത്തുന്നവരുടെ പ്രധാന ഉപഭോക്താക്കള്‍ വിദ്യാര്‍ത്ഥികളും ടെക്കികളുമാണെന്ന് ബംഗളൂരു പൊലീസും വ്യക്തമാക്കി കഴിഞ്ഞു.

ബംഗളൂരുവില്‍ 108 കിലോ കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമായി പിടിയിലായത് മലയാളി സംഘമാണ്. കേരളത്തില്‍ പിടിയിലാകുന്ന ഭൂരിഭാഗം ലഹരി കേസുകളിലും പ്രധാന കേന്ദ്രമായി വരുന്നതും ബംഗളൂരുവാണ്. കഞ്ചാവ് കൂടാതെ എല്‍ എസ് ഡി പോലുള്ള ആധുനിക സിന്തറ്റിക് ലഹരി മരുന്നുകളുടെ പ്രധാന ഉറവിടവും ബംഗളൂരാണ്.

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തില്‍ ഒരു കാലത്ത് ശക്തമായിരുന്ന ഗുണ്ടാവിളയാട്ടം അടിച്ചമര്‍ത്തിയത് സിറ്റി പൊലീസ് കമ്മീഷണര്‍മാരായി മനോജ് എബ്രഹാമും പി.വിജയനും പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണ്. അനവധി പേരെയാണ് അക്കാലത്ത് പൊലീസ് അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചിരുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥരും ഗുണ്ടാ ആക്ട് പ്രകാരം നിരവധി പേരെ കരുതല്‍ തടങ്കലില്‍ എടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഇതിന്റെയെല്ലാം ഫലമായി അടുത്തകാലത്തായി കാര്യമായി ഗുണ്ടാ ആക്രമണങ്ങള്‍ കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ലഹരി കേസുകളാകട്ടെ വര്‍ദ്ധിക്കുകയും ചെയ്തു.

കൊച്ചി രാജ്യത്തെ മയക്കു മരുന്നിന്റെ കേന്ദ്രമായി മാറിയെന്ന് സാക്ഷാല്‍ ഋഷിരാജ് സിംഗിന് തന്നെ മുന്നറിയിപ്പ് നല്‍കേണ്ടി വന്നിട്ടും ഇതിന്റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് നിലവില്‍.

ലഹരിയില്‍ നഗരം ആറാടുന്നതിനിടെയാണ് ഇപ്പോള്‍ നഗര ഹൃദയത്തില്‍ തന്നെ വെടിയും പൊട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നഗരത്തിലെ പൊലീസില്‍ വലിയ അഴിച്ചുപണി തന്നെ വേണമെന്ന ആവശ്യം പൊലീസ് തലപ്പത്ത് തന്നെ ഉയര്‍ന്നു കഴിഞ്ഞു.

കര്‍ക്കശക്കാരനായ ഡയറക്ട് ഐ.പി.എസ് നേടിയ കമ്മീഷണറെ തന്നെ സിറ്റിയില്‍ നിയോഗിക്കണമെന്ന ആവശ്യമാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ശക്തമായിരിക്കുന്നത്.ഇതോടൊപ്പം നഗരത്തിലെ പൊലീസ് സംവിധാനം തന്നെ ആകെ പുന:സംഘടിപ്പിച്ച് മിടുക്കരായ ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെങ്കില്‍ നഗരം പിടി വിട്ടു പോകുമെന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉടന്‍ തന്നെ പൊലീസ് തലപ്പത്ത് നടക്കുന്ന അഴിച്ചുപണിയില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ കമ്മീഷണറേറ്റ് ആക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മജിസ്റ്റീരിയല്‍ അധികാരം കൂടി ലഭിക്കുന്നതോടെ ക്രിമിനലുകള്‍ക്കെതിരെ കടുത്ത നടപടികള്‍ കമ്മീഷണര്‍ക്ക് തന്നെ നേരിട്ട് സ്വീകരിക്കാന്‍ കഴിയും.