വനിതാ മതില്‍: ഒരുക്കങ്ങള്‍ വിലയിരുത്തി

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ജില്ലയില്‍ മതില്‍ കടന്നു ദേശീയപാതാ മേഖലകളില്‍ ഓരോ പ്രദേശത്തും അണി ചേരേണ്ട വനിതകളുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കോര്‍പറേഷന്‍, നാല് നഗരസഭകള്‍, 12 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലൂടെയാണ് ജില്ലയില്‍ മതില്‍ കടന്നു പോകുന്നത്. സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവ മുന്‍കയ്യെടുക്കും.
ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്ന് മതിലിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. വനിതാ മതിലിന്റെ പ്രചാരണാര്‍ഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നാളെ  കോഴിക്കോട്ട് ജില്ലാതല വിളംബര ജാഥ നടത്തും. കുടുംബശ്രീയുടെ ഗൃഹസന്ദര്‍ശനം ഉടന്‍ പൂര്‍ത്തിയാക്കാനും പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. മതില്‍ കടന്നു പോകുന്ന മേഖലകളിലെ വാഹന- ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പൊലീസ്, ട്രാഫിക്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ പുരുഷ സമത്വത്തിനും കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള നീക്കത്തിനെതിരായും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ വന്‍ വിജയമാക്കാന്‍ രാഷ്ട്രീയ-ജാതിമത ഭേദമെന്യെ മുഴുവന്‍ വനിതകളും അണിനിരക്കണമെന്ന് ജില്ലാ എല്‍ഡിഎഫ് യോഗം അഭ്യര്‍ത്ഥിച്ചു.
ജില്ലയില്‍ അഴിയൂര്‍ മുതല്‍ ഐക്കരപ്പടി വരെയുള്ള പ്രദേശങ്ങളില്‍ അഞ്ചര ലക്ഷം വനിതകളെ അണിനിരത്താന്‍ യോഗം തീരുമാനിച്ചു. ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. പി മോഹനന്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ്, കെ ലോഹ്യ, എന്‍ കെ വത്സന്‍, സി സത്യചന്ദ്രന്‍, കെ കെ ലതിക, മാമ്പറ്റ ശ്രീധരന്‍, ഷര്‍മ്മദ് ഖാന്‍, എം ആലിക്കോയ, പി ടി ആസാദ്,  പി ആര്‍ സുനില്‍ സിംഗ്, സാലിഹ് കൂടത്തായ്, പി വി നവീന്ദ്രന്‍, എന്‍ സി മോയിന്‍ കുട്ടി, സി പി ഹമീദ്, സി കെ കരീം സംസാരിച്ചു.
വനിതാമതില്‍ വിജയിപ്പിക്കാന്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വനിതാമതിലില്‍ വര്‍ഗ്ഗീയത ആരോപിക്കുന്ന എം കെ മുനീറും പ്രതിപക്ഷവും കേരളത്തിന്റെ ചരിത്രം പഠിക്കാത്തവരാണ്. എം കെ മുനീര്‍ സ്വന്തം പാര്‍ട്ടിയുടെ പേരിലുള്ള മുസ്ലീം നാമം എടുത്തുകളയാണ് തയ്യാറായി പൊതുരാഷ്ട്രീയത്തോടും മതേതര സമൂഹത്തോടും നീതി പുലര്‍ത്താന്‍ തയ്യാറാവണം. വനിതാ മതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും കേരളത്തിന്റെ ശത്രുക്കളുമാണ്. അവരെ ഒറ്റപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ഫാദില്‍ അമീന്‍ സ്വാഗതം പറഞ്ഞു.  റഹീം, അഷ്‌റഫ്, ഷംസീര്‍ കരുവാന്‍ തുരുത്തി, നാസര്‍ കൂരാറ, ജെയിന്‍ ജോസഫ്, ഷാജി ഷമീര്‍, റാഹിയാന്‍ നെട്ടൂര്‍ സംസാരിച്ചു.
നവോത്ഥാന വനിതാ മതില്‍ വിജയിപ്പിക്കാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എന്‍ എസ് സി വനിതാ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ വനിതാ അംഗങ്ങളെയും അനുഭാവികളെയും അണിനിരത്താന്‍ യോഗം തീരുമാനിച്ചു. സി കെ കരീം അധ്യക്ഷഥ വഹിച്ചു. എം എസ് മുഹമ്മദ് മാസ്റ്റര്‍, ഇ സി മുഹമ്മദ്, അലി മേപ്പാല, അഡ്വ: അസീസ്, മൂസക്കോയ തുടങ്ങിയവര്‍ സംസാരിച്ചു.