വിദ്യയ്ക്ക് വീടായി;സാധാരണക്കാരിയെപ്പോലെ എത്തിയ മഞ്ജു വാര്യർ എല്ലാവർക്കും പ്രിയങ്കരിയായി

റാന്നി: താരപരിവേഷങ്ങളൊന്നുമില്ലാതെ സാധാരണക്കാരിയെപ്പോലെ എത്തിയ മഞ്ജു വാര്യർ എല്ലാവർക്കും പ്രിയങ്കരിയായി നിമിഷ നേരം കൊണ്ട് മാറി. ജാട ഇല്ലെന്ന് മനസ്സിലായതോടെ സെൽഫി എടുക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും പിന്നെ ഇടിയായി. മഞ്ജു വാര്യർ നൃത്ത കലാകാരിയായ വടശ്ശേരിക്കര ചരിവുകാലായിൽ വിദ്യക്ക് നിർമിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലാണീ കാഴ്ച.ഇന്നലെ 12.45 ഓടെയാണ് മഞ്ജു വാര്യർ കടമാൻകുന്ന് ക്ഷേത്രത്തിന് സമീപമുള്ള
വീട്ടിലെത്തിയത്. പൂച്ചെണ്ട് നൽകി സ്വീകരിച്ച വിദ്യയെ മഞ്ജു ചേർത്തുപിടിച്ചു.
താരത്തെ തങ്ങളുടെ മൊബൈൽ ഫോണുകളിലാക്കാൻ അപ്പോൾ തന്നെ തിരക്ക് തുടങ്ങി. ബന്ധുക്കളും അയൽവാസികളുമൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങി നടപ്പാതയിലൂടെ നടന്ന് മഞ്ജു വീട്ടിലെത്തി. വിദ്യയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വലതു കാലെടുത്തുവെച്ച് വീട്ടിലേക്ക്. നിലവിളക്ക് തെളിച്ചശേഷം ഫോട്ടോയെടുക്കാൻ എല്ലാവർക്കും അവസരം. എത്തിയവരോടൊക്കെ കുശലാന്വേഷണം കൂടിയായപ്പോൾ ആൾക്കാരുടെ ഇടി കൂടി. എന്നിട്ടും മടി കൂടാതെ തടിച്ചുകൂടിയ ആൾക്കാരോട് സ്നേഹപൂർവം സഹകരിച്ചു. ചിലർ ക്രിസ്മസ് കേക്ക് സമ്മാനിച്ചു. വീട്ടുകാർ നൽകിയ അരി പായസത്തിന്റെ മധുരവും നുകർന്ന
ശേഷമായിരുന്നു മടക്കം. റോഡിൽ കാർകിടന്ന സ്ഥലത്തേക്ക് വരുമ്പോളും ആരാധകരുടെ തിരക്ക്. കാറിൽ കയറും മുമ്പ് എല്ലാവരോടും യാത്ര പറഞ്ഞ് റോഡിൽ കൂടി അല്പനേരം നടന്നപ്പോഴും ഒപ്പം നിന്ന് സെൽഫി
പകർത്താൻ വീണ്ടും തിരക്ക്. ഇതോടെ ആരാധകരെ നിയന്ത്രിക്കാൻ പൊലീസും നന്നേ ബുദ്ധിമുട്ടി.