സൗദി സഖ്യസേനയും ഹൂതികളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടത് 18000 കുട്ടികൾ

സൗദി സഖ്യസേനയുമായുള്ള യുദ്ധത്തിന് ബലികഴിക്കാൻ ഹൂതികള്‍ പരിശീലനം നല്‍കി ഇറക്കിയത് 18,000 കുട്ടികളെ. ഇവരെല്ലാം തന്നെ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും  അമേരിക്കന്‍ ന്യൂസ് ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ടു ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയ്ക്കു മുമ്പാകെ ലഭിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഹൂതികള്‍ സായുധ പോരാളികളാക്കിയ കുട്ടികളുടെ എണ്ണം വെറും 2721 പേരാണ്. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്ന് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കുന്നു.പീഡനമുറകള്‍ക്ക് വിധേയമാക്കുമെന്നു ഭയന്നു യമനി കുടുംബങ്ങളിലെ ആരും തങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടു പോയിഹൂതികള്‍  യുദ്ധമുഖത്തേക്ക് നിയോഗിച്ച കാര്യം പുറത്തുപറയാറില്ലെന്നും വാര്‍ത്താ ഏജന്‍സി നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധരംഗത്ത് മാത്രമല്ല, തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്നതിനും ഹൂതികള്‍ കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. തടവുകാരുടെ തലയ്ക്കും ശരീര ഭാഗങ്ങളിലും ഇരുമ്പുദണ്ഡുകള്‍ പഴുപ്പിച്ചുവയ്ക്കുന്നതിന് കുട്ടികള്‍ നിര്‍ബന്ധിതരാവുന്നുണ്ടെന്ന് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. യമനി കുടുംബങ്ങളിലെ  ഭക്ഷണത്തിനു പോലും വകയില്ലാത്ത കടുത്ത ദാരിദ്ര്യത്തേയാണ് ഹൂതികള്‍ ചൂഷണം ചെയ്യുന്നത്. ഭക്ഷണവും പണവും കിട്ടുമെന്ന ചിന്തയാണ് കുട്ടികളെ യുദ്ധരംഗത്തേക്ക് വിട്ടുകൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

അതേ സമയം സൗദി സഖ്യ സേനയുടെ യുദ്ധം കാരണം രാജ്യത്തെ 159 ലക്ഷം ജനങ്ങള്‍ പട്ടിണി നേരിടുന്നുവെന്നും അതില്‍ 10 ലക്ഷത്തോളം പേര്‍ കുട്ടികളാണെന്നും യുഎന്‍ റിപോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ നടന്ന ആദ്യ സമാധാന ചര്‍ച്ചാവേളയിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്. യുദ്ധം കാരണം രാജ്യത്ത് ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചു കയറുകയാണ്. ഉപജീവന മാര്‍ഗങ്ങള്‍ ഏറെയും ഇല്ലാതായി.

തൊഴിലില്ലായ്മ വര്‍ധിച്ചു. മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ ഒന്നിനും തികയാത്ത അവസ്ഥയിലാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കുടിയൊഴിക്കപ്പെട്ട മുപ്പത് ലക്ഷം ജനതയാണ് ഏറെ ദാരിദ്ര്യത്തിലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ മൂന്നു ലക്ഷത്തിലേറെ പേര്‍ കുട്ടികളാണ്.

ഹൂതികള്‍ യുദ്ധത്തിനിറക്കിയ കുട്ടികളേക്കാളധികം പേര്‍ സൗദി സഖ്യ സേനയുടെ ബോംബിങില്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ