ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: സമയമാകുമ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അന്വേഷണ സംഘം

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി സലൂണ്‍ വെടിവയ്പ് കേസില്‍ അന്വേഷണ സംഘം അന്യ സംസ്ഥാനങ്ങളില്‍. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ രവി പൂജാരിയുടെ അധോലോക സംഘവുമായി ബന്ധമുള്ളവരെ അന്വേഷിച്ചാണ് പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുള്ളത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും സമയമാകുമ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം നടി ലീന മരിയ പോള്‍ ഇന്നു പൊലീസിനു മൊഴിനല്‍കാന്‍ എത്തുമെന്നാണു വിവരം. ലീനയും സംഘവും തട്ടിയെടുത്ത 25 കോടി ആവശ്യപ്പെട്ടാണു തന്റെ ആളുകള്‍ സലൂണിലെത്തിയതെന്നു രവി പൂജാരി എന്ന് അവകാശപ്പെട്ടൊരാളുടെ ഫോണ്‍ കോള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച വിശദവിവരം തേടിയാണു ഹാജരാകാന്‍ ലീനയോടു പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യ ചാനലിലേക്കു ലഭിച്ച ഫോണ്‍ കോളിന്റെ ശബ്ദം രവി പൂജാരിയുടേതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം എത്തിയിട്ടുള്ളത്. രവി പൂജാരിയുമായി ബന്ധപ്പെട്ടു കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്.

കര്‍ണാടകയിലെ പല ബിസിനസുകാരെയും ബില്‍ഡര്‍മാരെയും സമ്പന്നരെയും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ തനിക്കു ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി ലീന മരിയ പോള്‍ പറഞ്ഞിരുന്നു. ലീന പരാതി നല്‍കുന്നതിനു മുന്‍പു തന്നെ ഇക്കാര്യമറിഞ്ഞു നിഴല്‍ പൊലീസ് അവരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചിരുന്നു.

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിനു ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടുപിടിച്ചാണു പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. 25 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ലീനയ്ക്കു ഭീഷണി ലഭിച്ചതും തുടര്‍ന്ന് ഇതു താന്‍തന്നെയാണ് എന്ന് അവകാശപ്പെട്ട് രവി പൂജാരിയുടേത് എന്ന പേരില്‍ മാധ്യമ സ്ഥാപനത്തിലേക്കു ഫോണ്‍ കോള്‍ എത്തിയതും. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നെല്ലാം ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണു ലീനയെ ഇന്നു പൊലീസ് ചോദ്യം ചെയ്യുക.

കാനറ ബാങ്കിന്റെ തമിഴ്‌നാട് അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും കൂട്ടാളി സുകാഷ് ചന്ദ്രശേഖറും അറസ്റ്റിലായിരുന്നു. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ തിരിച്ചുകിട്ടാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത കേസില്‍ പണം ഹവാലയായി കൈമാറാന്‍ ശ്രമിച്ച കുറ്റത്തിനു സുകാഷ് ചന്ദ്രശേഖറെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു 10 കോടിരൂപ കൊച്ചി വഴിയാണു കടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.

ശേഖര്‍ റെഡ്ഡിയെന്ന വ്യാജപ്പേരിലാണു സുകാഷ് തട്ടിപ്പുകള്‍ നടത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞു ബെംഗളൂരുവില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസുകളില്‍ 2010ല്‍ ലീനയെയും സുകാഷിനെയും പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കര്‍ണാടകയിലെ ഹുനസമാരനഹള്ളി ഡെന്റല്‍ കോളജില്‍ ലീന പഠിക്കുമ്പോഴാണു സുകേഷിനെ പരിചയപ്പെടുന്നത്.