ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. ചോദ്യം ചെയ്യലിനെ കുറിച്ച് അഭിഭാഷകന് മിഷേല്‍ കുറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പറഞ്ഞെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.

മിഷേലിന്റെ കസ്റ്റഡി ഏഴു ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. അഭിഭാഷകനെ കാണുന്നതിൽനിന്നു മിഷേലിനെ വിലക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. പകരം, അഭിഭാഷകനെ കാണാനുള്ള സമയം ദിവസവും രാവിലെയും വൈകുന്നേരവും 15 മിനിറ്റായി ചുരുക്കി.

അതേസമയം ഹെലികോപ്റ്റർ ഇടപാടു കേസിൽ, മിഷേൽ ഒരു കുടുംബത്തിന്റെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിനു മേൽ ബിജെപിയുടെ സമ്മർദമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെ തിരക്കഥ അനുസരിച്ചാണ് മിഷേൽ സോണിയ ഗാന്ധിയുടെ പേരു പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് ആർപി സിങ് പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.