ഗ്രാമി പുരസ്‌കാര ജേതാവ് നോര്‍മാന്‍ ഗിംബെല്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: ഓസ്‌കാര്‍, ഗ്രാമി പുരസ്‌കാര ജേതാവ് നോര്‍മാന്‍ ഗിംബെല്‍ (91) അന്തരിച്ചു. ഹോളിവുഡ് ഗാനരചയിതാവായ അദ്ദേഹത്തിന്റെ ‘കില്ലിംഗ് മീ സോഫ്ട്‌ലി.’ എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു. കാലിഫോര്‍ണിയയിലെ മൊന്റെസിറ്റോയില്‍ ഈ മാസം 19നായിരുന്നു മരണമെന്ന് മകന്‍ ടോണി ഗിംബെല്‍ അറിയിച്ചു.

സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ മേഖലയിലും സജീവമായിരുന്ന നോര്‍മാനാണ് 1956ല്‍ ഹിറ്റായ കനേഡിയന്‍ സണ്‍സെറ്റിന് രചന നിര്‍വഹിച്ച്. ലാവെനെ ആന്റ് ഷിര്‍ലെ, വണ്ടര്‍ വുമണ്‍, എച്ച്ആര്‍ പഫന്‍സ്റ്റഫ് തുടങ്ങിയ ജനപ്രിയ ഷോകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ചാഴ്‌സ് ഫോക്‌സിനൊപ്പം ചേര്‍ന്ന് 1973ല്‍ പുറത്തിറക്കിയ കില്ലംഗ് മീ സോഫ്ട്‌ലി ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ഇറ്റ് ഗോസ് ലൈക്ക് ഇറ്റ് ഗോസ് എന്ന ഗാനത്തിനാണ് 1997ല്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ നേടിയത്. നോര്‍മ റായ് എന്ന ചിത്രത്തിനുവേണ്ടി ജെന്നിഫര്‍ വാണ്‍സ് ആണ് ഗാനം ആലപിച്ചത്. ‘എഴുത്തുകൊണ്ട് അനുഗൃഹീതനായിരുന്നു നോര്‍മാന്‍’ എന്ന് മ്യൂസിക് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ബിഎംഐ അനുസ്മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ