കേരള കള്‍ച്ചറല്‍ സൊസൈറ്റിക്ക് പുതിയ നേതൃത്വം

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡി.സി പ്രദേശത്തെ പ്രമുഖ മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ (കെ.സി.എസ്.എം.ഡബ്ല്യു) 2019-ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ക്രിസ്തുമസ് ആഘോഷപരിപാടികളോടനുബന്ധിച്ച് 2018 ഡിസംബര്‍ ഏഴാം തീയതി മേരിലാന്റിലെ ബെതസ്ഡയിലുള്ള വാള്‍ട്ടര്‍ ജോണ്‍സണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്.

സന്തോഷ് ജോര്‍ജ് പ്രസിഡന്റായി നേതൃത്വം നല്‍കുന്ന പുതിയ സമിതിയില്‍ സുരേഷ് പി.എം വൈസ് പ്രസിഡന്റാണ്. കൂടാതെ സെക്രട്ടറിയായി അണിമ പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറിയായി വേണുഗോപാലന്‍ കോക്കോടന്‍, ട്രഷററായി ശ്രീഹരി നാരായണന്‍, ജോയിന്റ് ട്രഷററായി ഷെല്ലി പ്രഭാകരന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഈ സമിതിയെ സഹായിക്കുന്നതിനായി 23 പേര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് സമിതിയും, ഏഴു പേര്‍ അടങ്ങിയ അഡൈ്വസറി സമിതിയും നിലവില്‍ വന്നു.

എല്ലാവര്‍ഷവും സാധാരണയായി നടക്കുന്ന കലാ-കായിക-സാംസ്കാരിക പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കുമൊപ്പം നമ്മുടെ നാടിന്റെ മഹത്തായ കലാ-സാംസ്കാരിക പാരമ്പര്യത്തെ പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തുന്നതിനും നമ്മുടെ നാടിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് ഈ പ്രദേശത്ത് അധിവസിക്കുന്ന വിഭിന്ന ദേശക്കാരെ അറിവുള്ളവരാക്കുന്നതിനുള്ള വ്യത്യസ്തമായ ചില പുതിയ പരിപാടികള്‍ കെ.സി.എസ്.എം.ഡബ്ല്യുവിന്റെ പുതിയ സമിതി ആസൂത്രണം ചെയ്യുന്നുണ്ടെന്നു നിയുക്ത അധ്യക്ഷന്‍ സന്തോഷ് ജോര്‍ജ് അറിയിച്ചു.