എനിക്കു കിട്ടിയ ക്രിസ്തുമസ് ഗിഫ്റ്റ്;എന്റെ തല

രാജു മൈലപ്ര

പാതിരാത്രി. ചെകുത്താനേപ്പോലും ഭയപ്പെടുത്തുന്ന കുറ്റാക്കൂരിരുട്ട്. ഭാര്യ കൂടെയുണ്ടെന്നുള്ളതു മാത്രമാണ് അല്പം ധൈര്യം പകരുന്നത്. പാതിമയക്കത്തില്‍ ഒരു ശബ്ദം. എന്തോ ഒന്ന് നൈറ്റ് സ്റ്റാന്റില്‍ നിന്നും താഴേക്കു വീണു. പാതിമയക്കത്തില്‍ പെട്ടെന്നുണ്ടായ പ്രചോദനത്തില്‍ ബെഡില്‍ കിടന്നു കൊണ്ടു തന്നെ അതു കുനിഞ്ഞെടുത്തു. തിരിച്ച് തല പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഒരു ചെറിയ തലകറക്കം. വീണ്ടും ഉറക്കത്തിലേക്കു വഴുതിയതിനാല്‍ അതു കാര്യമാക്കിയില്ല.
വെട്ടം കിഴക്കു പൊട്ടുകുത്തി. പ്രഭാതവാര്‍ത്തകള്‍ കേള്‍ക്കുവാനുള്ള സമയം. കാര്യമൊന്നുമുണ്ടായിട്ടല്ല. എങ്കിലും കാര്യങ്ങള്‍ അറിയുവാന്‍ ഒരു ആകാംക്ഷ. കണ്ണടച്ചുകൊണ്ടുതന്നെ റിമോട്ടിനു വേണ്ടി തപ്പി. എനിക്കു പിടി തരാതെ റിമോട്ട് വീണ്ടും താഴോട്ട്. വീണ്ടും അതു കുനിഞ്ഞെടുത്തു നിവര്‍ന്നപ്പോള്‍, പഴയ തലകറക്കം. ഇതിനു മുന്‍പ് അങ്ങിനെ ഉണ്ടായിട്ടുണ്ടോ എന്നോര്‍മ്മയില്ല.

ഒരു ചെറിയ അങ്കലാപ്പ്- ഉറക്കത്തില്‍ ആളുകള്‍ തട്ടിപ്പോകുന്ന കാലമാണ്- ഏതായാലും ഞാന്‍ മരിച്ചിട്ടില്ല. വിവരം ഭാര്യയെ ധരിപ്പിച്ചു. അടുപ്പിച്ച് രണ്ടു തവണ തലകറക്കമുണ്ടായത് അത്ര ശുഭലക്ഷണമല്ല എന്നവള്‍ വിധിയെഴുതി.
ബ്ലഡ് പ്രഷറുള്‍പ്പെടെ അത്യാവശ്യം ചില രോഗങ്ങള്‍ കുറേനാളായി കൂട്ടിനുണ്ട്. കറങ്ങിയതു തലയായതുകൊണ്ട് വൈദ്യസഹായം തേടുന്നതായിരിക്കും നല്ലത് എന്ന് എന്റെ നല്ലവളായ ഭാര്യ അഭിപ്രായപ്പെട്ടു.

ഭാര്യ അഭിപ്രായപ്പെടുക എന്നു പറഞ്ഞാല്‍ അവള്‍ അതു തീരുമാനിച്ചു കഴിഞ്ഞു എന്നാര്‍ത്ഥം.

എന്റെ തല കറങ്ങിക്കൊണ്ടിരുന്നതിനാല്‍, കാറിന്റെ നിയന്ത്രണം ഭാര്യ ഏറ്റെടുത്തു. വലത്തോട്ടു കറങ്ങിക്കൊണ്ടിരിക്കുന്ന തലയ്ക്ക് അതിനു പറ്റിയ ഇന്ധനം കൊടുത്താല്‍ ഇടത്തോട്ടു കൂടി കറങ്ങി ഒരു സന്തുലിതാവസ്ഥ പ്രാപിക്കുമെന്ന് എന്റെയുള്ളില്‍ ഒളിച്ചിരിക്കുന്ന ശാസ്ത്രജ്ഞനു ഒരു തോന്നല്‍. എന്നാല്‍ ഇതു പറയാന്‍ പറ്റിയ അവസരം ഇതല്ലെന്ന് ഭാര്യയുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കു മനസ്സിലായി.
വൈദ്യന്റെ വെയിറ്റിംഗ് റൂമില്‍ എത്തി. അത് ഒരു ഒന്നൊന്നര വെയിറ്റിംഗാണ്. അവസാനം നമ്മുടെ അവസരം വന്നു. അകത്തു കയറി. വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ശേഷം, എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ കൈവിരലുകളുടെ ചലനങ്ങള്‍ക്കനുസരിച്ച് ഫോളോ ചെയ്യുവാന്‍ പറഞ്ഞു. ഇടത്തോട്ട് വലത്തോട്ട്, മുകളിലോട്ട്, താഴോട്ട്- ഇതിനിടെയില്‍ കൈകാലുകള്‍ കൊണ്ടു ചില ബലപരീക്ഷണങ്ങള്‍. വീണ്ടും കണ്ണുകാണിയ്ക്കല്‍ പരിപാടി. ഇതിനിടയ്ക്ക് വലത്തോട്ടു നീങ്ങിയ എന്റെ കണ്ണ് ഇടയ്ക്കുവെച്ചു ഒരു ‘അഡയാര്‍ ലൗ’ സ്‌റ്റൈലില്‍ ഒന്നടഞ്ഞു. ഇതു കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് പകര്‍ന്നു കിട്ടിയ ഒരു രോഗമാണ്. തലച്ചോറും കണ്ണും തലകറക്കവുമായി ബന്ധമുള്ളതിനാല്‍ ഫര്‍തര്‍ സ്റ്റഡിക്കു വേണ്ടി അടുത്തുള്ള ഹോസ്പിറ്റലിലേക്കു എന്നെ റഫര്‍ ചെയ്തു.

അവിടെ എന്റെ ഈ കണ്ണുകാണിക്കല്‍ പരിപാടി പല ഡോക്ടറന്മാരുടെ മുന്നിലും പല തവണ ആവര്‍ത്തിച്ചു. പ്രഥമദൃഷ്ട്യ കുഴപ്പമൊന്നുമില്ല- എങ്കിലും വന്നതല്ലേ! പ്രഥമപടിയായി കൈയില്‍ സൂചി കുത്തികയറ്റി. ഐ.വി.സ്റ്റാര്‍ട്ട് ചെയ്തു. മരുന്നൊന്നുമില്ല- വെറുതേ ക്ഷീണം മാറാന്‍. E.K.G, X-RAY, Blood Test- കുഴപ്പമൊന്നുമില്ല. അങ്ങിനെ വിട്ടാല്‍ ശരിയാവില്ലല്ലോ- എന്തെങ്കിലും ഒന്നു കണ്ടു പിടിക്കണം- ഒരു CT Scan ചെയ്തു എന്റെ തലയിലൊന്നും ഇല്ല എന്നു സ്ഥിരീകരിച്ചു. ‘എന്നോടു ചോദിച്ചാല്‍ ഞാനിതു പറഞ്ഞേനമല്ലേ’ എന്ന ഭാവത്തില്‍ ഭാര്യ എന്നെ നോക്കി ആക്കിയൊന്നു ചിരിച്ചു.

ഡോക്ടറന്മാരുടെ കലിപ്പ് അതുകൊണ്ടൊന്നും തീരുന്നില്ല. ശോഭാ സുരേന്ദ്രന്റെ നിരാഹാരം പോലെ എന്റെ കിടപ്പ് മൂന്നാം ദിവസത്തിലേക്കു കടക്കുകയാണ്.

ആശുപത്രിയിലെത്തിയാലും നിരാഹാരത്തിനായാലും കുഴപ്പമൊന്നുമില്ലെങ്കിലും ഇരിപ്പ് അനുവദനീയമല്ല. ‘കിടപ്പാണ്’ അതിന്റെ ഒരു രീതി- നിരാഹാരത്തിനിറങ്ങിത്തിരിച്ചാല്‍ ഉടന്‍ തന്നെ അവര്‍ കട്ടിലില്‍ കയറി പുതച്ചുമൂടി ഒരു കിടപ്പാണ്. ക്യാമറാക്കണ്ണുകള്‍ ചുറ്റുമുള്ളതു കൊണ്ട് മേക്കപ്പിനൊന്നും ഒരു കുറവും വരുത്തില്ല.

ഇതുകൊണ്ടൊന്നും അരിശം തീരാഞ്ഞായിരിക്കും ടെസ്റ്റുകളുടെ തമ്പുരാനായ എംആര്‍ഐ ഓര്‍ഡര്‍ ചെയ്തു. ഇതിനിടെ കണ്ടും കേട്ടും വിവരമറിഞ്ഞ ചിലര്‍ എന്നെ സന്ദര്‍ശിക്കുവാനും എത്തി- സഹതാപത്തിനുപകരം പലരുടെ മുഖത്തും ഒരു ചിരിയാണ്- ‘മുടിഞ്ഞ വെള്ളമടിക്കാരനാണെന്ന്’ എന്നോടൊപ്പം പണ്ടു മദ്യപിച്ചിട്ടുള്ള ഒരാള്‍, അയാളുടെ ഭാര്യയുടെ ചെവിയില്‍ അടക്കം പറയുന്നതു ഞാന്‍ കേട്ടു.
ഇടിമിന്നലേറ്റു മരിച്ചാല്‍ പോലും അവന്‍ ഒടുക്കത്തെ ‘വെള്ളമടിക്കാരനായിരുന്നു’ എന്നേ ചിലരെപ്പറ്റി ആളുകള്‍ പറയൂ.

എംആര്‍ഐയുടെ പ്രിലിമിനറി റിപ്പോര്‍ട്ടിലും തകരാറൊന്നുമില്ല. ഡോക്ടര്‍ വന്നു ഡിസ്ചാര്‍ജ് ഓര്‍ഡര്‍ എഴുതിയാല്‍ വീട്ടില്‍പ്പോകാം.
സന്ദര്‍ശകരില്‍ പലരും നിരാശരായി പിരിഞ്ഞുപോയി- നിന്ന നില്‍പ്പില്‍ സംഗതിയാകെ മലക്കം മറിഞ്ഞു.

പരിഭ്രമവും ഉല്‍ക്കണ്ഠയും നിറഞ്ഞ മുഖഭാവത്തോടെ ഒരു നേഴ്‌സ് കടന്നു വന്നു. സൂക്ഷ്മ നിരീക്ഷണത്തില്‍ എംആര്‍ഐ സ്റ്റഡിയില്‍ എന്തോ പന്തിക്കേട്- ഉടനെ തന്നെ ഓപ്പറേഷന്‍ വേണം. വ്യക്തമല്ലാത്ത ഏതോ ചിത്രങ്ങള്‍ എന്റെ മനസ്സില്‍ക്കൂടി കടന്നുപോയി.

സ്ട്രീറ്റ് ക്ലോത്തില്‍ നിന്നും ഹോസ്പിറ്റല്‍ ഗൗണിലേക്കു വസ്ത്രാലങ്കാര മാറ്റം നടത്തി. സ്‌ട്രെച്ചറും വീല്‍ച്ചെറയും റെഡി. മുടി ഷേവു ചെയ്തു കളയുവാന്‍ ക്രീമും റേസറും-സ്വര്‍ഗ്ഗനരകങ്ങള്‍ മുന്നില്‍ തെളിഞ്ഞു പാപിയായ എന്റെ അവസാന നിമിഷ പ്രാര്‍ത്ഥനകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകുവാന്‍ പോകുന്നില്ല എന്നുറപ്പുണ്ടായിരുന്നിട്ടും ഒത്താല്‍ ഒക്കട്ടെ എന്നു കരുതി, കര്‍ത്താവെ അങ്ങയോടൊപ്പം എന്നെയും സ്വര്‍ഗ്ഗരാജ്യത്തില്‍ ചേര്‍ത്തുകൊള്ളണമേ എന്നു കള്ളനെപ്പോലെ ഒരു പ്രാര്‍ത്ഥന ഞാനും പാസ്സാക്കി-പെട്ടെന്ന് ഒരു അത്ഭുതം സംഭവിച്ചു. ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും വാര്‍ഡിലേക്കൊരു വിളി.

‘പേഷ്യന്റിനെ താഴേക്കു വിടണ്ടാ- ചാര്‍ട്ടു മാറിപ്പോയതാണ്-‘
പിന്നെ കുറച്ചു നേരത്തേക്ക് ഒരു പരസ്പരം പഴിചാരല്‍-എന്റെ പല സുഹൃത്തുക്കളുടേയും, ബന്ധുക്കളുടെയും മുഖത്ത് നിരാശ-
‘എങ്ങിനെയെങ്കിലും ആ ഓപ്പറേഷന്‍ അങ്ങു നടന്നാല്‍ മതിയായിരുന്നു-ആളു തട്ടിപ്പോയിരുന്നെകില്‍ അയാളുടെ ഭാര്യക്ക് നല്ലൊരു തുക നഷ്ടപരിഹാരം കിട്ടിയേനേ!’- ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ അഭിപ്രായം- ‘എന്തു ചെയ്യാം? അവര്‍ക്ക് അതിനുള്ള ഭാഗ്യമില്ലാതായിപ്പോയല്ലോ?- ആ കമന്റ് എന്റെ അനുജന്റെ വക-

ഏതായാലും ഈ ക്രിസ്തുമസിന് എനിക്കു കിട്ടിയ വലിയ സമ്മാനം എന്താണെന്നു ചോദിച്ചാല്‍ സംശയം കൂടാതെ ഞാന്‍ പറയും ‘എന്റെ തല’

 

Picture2