യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് തീര്‍ഥാടകര്‍ എരുമേലിയില്‍ ഇരുമുടികെട്ട് ഉപേക്ഷിച്ച് മടങ്ങി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാല് തീര്‍ഥാടകര്‍ എരുമേലിയില്‍ ഇരുമുടികെട്ട് ഉപേക്ഷിച്ച് മടങ്ങി. എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തിന് മുന്‍പില്‍ മാലയൂരിയ ഇവര്‍ ഇരുമുടി അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ബാബു, സുനില്‍, സുഭാഷ്, അനില്‍ എന്നീ തീര്‍ഥാടകരാണ് എരുമേലി ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്നു കാല്‍നടയായി 200 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയവരായിരുന്നു ഇവര്‍.യുവതികളുടെ പ്രവേശനം ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചെന്ന കാരണത്താലാണ് മടക്കമെന്ന് ഇവര്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയില്‍ നടതുറന്നതിനു പിന്നാലെയായിരുന്നു ഇത്. യുവതീപ്രവേശം സ്ഥിരീകരിച്ചതിനു പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു.