ഗായിക എസ് ജാനകിയ്ക്ക് അനുശോചനം അര്‍പ്പിച്ച് എസ്എഫ്‌ഐ സമ്മേളനം; അബദ്ധം പറ്റിയതാണെന്ന് പാര്‍ട്ടി നേതൃത്വം

മലപ്പുറം: ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം അര്‍പ്പിച്ച് എസ് എഫ് ഐയുടെ നിലമ്പൂര്‍ ഏരിയാ സമ്മേളനം. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖരുടെ പേരുകള്‍ വായിക്കുന്ന അനുശോചന പ്രമേയത്തിലാണ് എസ് ജാനകിയുടെ പേര് പറഞ്ഞ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

അതേസമയം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന വിശദീകരണമാണ് എസ് എഫ് ഐ ജില്ലാ നേതൃത്വത്തിന്റേത്. ഏറെ വൈകാതെ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ക്ക് തെറ്റ് മനസിലായി. ഏരിയാ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഈ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെ സബ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അനുശോചന പ്രമേയത്തില്‍ ഇത്തരമൊരു തെറ്റ് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന ആക്ഷേപവുമായി കെ എസ് യു രംഗത്തെത്തി. നേതാക്കള്‍ മാപ്പ് പറയണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.

എന്നാല്‍ സമ്മേളന പ്രതിനിധികള്‍ക്ക് മുന്നില്‍ തെറ്റ് തിരുത്തിയ സാഹചര്യത്തില്‍ ഇനിയൊരു ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നാണ് എസ് എഫ് ഐയുടെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ