‘വര്‍ധ’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു; ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈ: കൊടും ചുഴലിക്കാറ്റ് ‘വര്‍ധ’ ചെന്നൈ തീരത്തുനിന്ന് 61 കിലോമീറ്റര്‍ അടുത്തെത്തി. ചെന്നൈ തീരത്തുനിന്നു കിഴക്ക് വടക്കു കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് ഇപ്പോള്‍ കാറ്റുള്ളത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ചെന്നൈ നഗരത്തില്‍ കാറ്റും മഴയും ശക്തമായി. ചുഴലിക്കാറ്റ് തീരം കടക്കുമ്പോള്‍ 110120 കിമീ വേഗമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ചുഴലിക്കാറ്റിന്റെ ഭീഷണിയെത്തുടര്‍ന്നു ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചു. ട്രാക്കുകളില്‍ പല സ്ഥലത്തും മരങ്ങള്‍ വീണു. റോഡുകളിലും മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി. നഗരം സ്തംഭിച്ച അവസ്ഥയില്‍. ജനങ്ങളോട് കെട്ടിടങ്ങളില്‍ നിന്നു പുറത്തേക്കു വരരുതെന്നു സംസ്ഥാന സര്‍ക്കാര്‍.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ചെന്നൈയില്‍ കനത്ത മഴയും കാറ്റും ഇന്നു പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നുണ്ട്. ചെന്നൈയില്‍ ഇപ്പോള്‍ 67 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ്. ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ പലരും ഇന്നലെ രാത്രി തന്നെ സംഭരിച്ചിരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

ചെന്നൈയുള്‍പ്പെടെ മൂന്നു വടക്കന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂവെന്നും സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയോ, വീട്ടില്‍ ഇരുന്നു തന്നെ ജോലി ചെയ്യാനുള്ള സൗകര്യമോ നല്‍കിയിട്ടുണ്ട്.

തീരദേശങ്ങളില്‍ കനത്ത ജാഗ്രത പാലിക്കുകയാണ്. അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോകരുതെന്നു മല്‍സ്യത്തൊഴിലാളികളോടു നിര്‍ദേശിച്ചു. തീരദേശങ്ങളില്‍ താഴ്ന്ന ഭാഗങ്ങളില്‍ ഉള്ളവരെ മറ്റിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയാണ്. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

കര, നാവിക, വ്യോമ, തീരസംരക്ഷണ സേനകളെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളും ഒരുക്കി. മതിയായ ഭക്ഷണം, വെള്ളം, മറ്റു സംവിധാനങ്ങള്‍ എന്നിവ ഇത്തരം കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. 30 ഡൈവിങ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.