കാമുകിയെയും മകളെയും ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവ് പൊലീസിന്റെ വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: മാതാപിതാക്കളെയും കാമുകിയെയും മകളെയും ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. യുഎസ്സിലെ ഒറിഗോണ്‍ സ്വദേശി മാര്‍ക്ക് ലിയോ ഗ്രിഗറി ഗാഗോ(42) ആണ് മരിച്ചത്. മാര്‍ക്കിന്റെ മാതാപിതാക്കളായ ജെറി ബ്രമര്‍(66), പമേല ബ്രമര്‍(64), കാമുകി ഷെയ്‌ന സ്വീറ്റ്‌സര്‍ (31), ഇവരുടെ ഒമ്പതു മാസമായ കുട്ടി ഒലിവിയ ഗാഗോ എന്നിവരെയാണ് മാര്‍ക്ക് കൊലപ്പെടുത്തിയത്.

പോര്‍ട്ട്‌ലന്റില്‍ നിന്നു 32 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ നാല് പേരെ കൊലപ്പെടുത്തിയ മാര്‍ക്ക് കാമുകിയുടെ മൂത്ത മകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തിയത്. എട്ടു വയസ്സുള്ള ഈ കുട്ടി ഷെയ്‌നയുടെ മറ്റൊരു ബന്ധത്തില്‍ ഉള്ളതാണ്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ക്ക് കുടുംബാഗങ്ങളെ കൊലപ്പെടുത്താനുള്ള സാഹചര്യം വ്യക്തമല്ലെന്നു പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധത്തെ കുറിച്ചും പൊലീസിനു വ്യക്തമായ ധാരണയില്ല. വാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം മാത്രമെ എന്ത് ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നു വ്യക്തമാകൂയെന്നു പൊലീസ് പറഞ്ഞു. അനധികൃതമായി ആയുധം കൈവശം വച്ചതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ