പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി എം.പാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ അനിശ്ചിതകാല ശയന സമരം തുടങ്ങി

തിരുവനന്തപുരം: പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി എം.പാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ അനിശ്ചിതകാല ശയന സമരം തുടങ്ങി. ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിനെതുടര്‍ന്നാണ് കുടുംബാംഗങ്ങളുമായി സമരത്തിനിറങ്ങിയത്. ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ ഹൈക്കോടതി നാളെ പരിഗണിക്കും.

ഒരു മാസത്തിലേറെയായി പെരുവഴിയിലായതിന്റെ വേദനയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. സ്ത്രീ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റിനും ചുറ്റും ശയനസമരം നടത്തി പ്രതിഷേധിച്ചു. വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ സമരവേദി അവിടേയ്ക്ക് മാറ്റും.

അതേസമയം, കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ച് പിഎസ്‌സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പിഎസ്‌സി വ്യക്തമാക്കിയത്. എംപാനല്‍ ജീനക്കാരെ പിരിച്ചുവിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി.

എന്നാല്‍ സമരത്തിലൂടെ കെ.എസ്.ആര്‍.ടി.സി. എം.പാനല്‍ ജീവനക്കാര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സമരം നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.