ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍

ബഹാവല്‍പൂര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെ ശക്തമായ നടപടിയുമായി പാകിസ്ഥാന്‍. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍ അറിയിച്ചു.

ജെയ്‌ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അവയുടെ നടത്തിപ്പിന് അഡ്മിനിസ്‌ട്രേറ്ററെ വച്ചതായാണ് റിപ്പോര്‍ട്ട്. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തത്.

ഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഭയന്ന് സൈനിക ചികിത്സയ്ക്കായി പാക്കിസ്ഥാന്‍ ആശുപത്രികള്‍ സജ്ജീകരിച്ചു. ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കുമെന്ന് ഭയന്നാണ് പാക്കിസ്ഥാന്‍ അധികൃതരുടെ ഈ നടപടി.

ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൈനിക ഉന്നതതല യോഗത്തില്‍ ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനായി ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്ക് സൈനിക നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യം എത്തിയാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക എന്നാണ് കരുതുന്നത്. വൈദ്യസഹായം നല്‍കാന്‍ സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ