അമേരിക്കന്‍ നിക്ഷേപക കമ്പനി സ്ഥാപകനെതിരെ വഞ്ചനാക്കുറ്റം ചുമത്തി റഷ്യ

മോസ്‌കോ: അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ബാരിങ് വോസ്റ്റോകിന്റെ സ്ഥാപകന്‍ മൈക്കല്‍ കാല്‍വെക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി റഷ്യ. റഷ്യന്‍ ധനകാര്യ സ്ഥാപനമായ വോസ്റ്റോചെനി എക്‌സ്പ്രസ് ബാങ്കില്‍ നിന്നും പണം അപഹരിച്ചെന്നാണ് കാല്‍വെക്കെതിരായ കേസ്. 38 മില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. ഇതോടെ അമേരിക്കയുടെയും റഷ്യയുടെയും നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോസ്റ്റോചെനി എക്‌സ്പ്രസില്‍ പകുതിയോളം ഓഹരി ബാരിങ് വോസ്റ്റോകിന്റേതാണ്. വോസ്റ്റോചെനി എക്‌സ്പ്രസും ബാരിങ് വോസ്റ്റോക്കും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇരയാവുകയായിരുന്നെന്നാണ് കാല്‍വെ നല്‍കിയ വിശദീകരണം. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ആരോപണമുണ്ട്. കാല്‍വെയെ കൂടതെ മറ്റ് അഞ്ച് പേരെ കൂടി റഷ്യ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ആറു പേരും വീട്ടുതടങ്കലില്‍ തുടരുകയാണ്. വിചാരണ നടക്കുന്ന ഏപ്രില്‍ 13 വരെ കാല്‍വെ കസ്റ്റഡിയില്‍ തുടരണമെന്നാണ് മോസ്‌കോ കോടതിയുടെ ഉത്തരവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ