തിരികെ (കവിത -സാരംഗ് സുനിൽകുമാർ പൈക്കാട്ട്ക്കാവിൽ)

“തിരികെ”
സാരംഗ് സുനിൽകുമാർ പൈക്കാട്ട്ക്കാവിൽ

തിരികെ കിട്ടാത്ത
തിരിച്ചു പിടിച്ചെങ്കിലെന്നാ-
ഗ്രഹിക്കുന്ന ,
തിരിച്ചു പിടിക്കലുകളുണ്ട് ;

അവ നഷ്ട്ടപെട്ടെന്ന്
നാം വിശ്വസിച്ചിട്ടെയുണ്ടാകില്ല ;

അവയെ പുണർന്നും ,
തഴുകിയും ,
കഴിഞ്ഞു പോയൊരു
കാലത്തിന്റെയോർമ്മകൾ ;

കാലങ്ങൾക്ക് ശേഷമെന്നെ-
ങ്കിലുമൊരിക്കലയാൾ ,
തിരിച്ചറിഞ്ഞുതിരിച്ചു
വന്നെങ്കിലെന്നു നാം വെറുതെയാശിക്കും ;

അങ്ങനെ പോകെ
പെട്ടെന്നൊരു നാൾ ,
അയാൾ കയറി വരും ;

തിരിച്ചിറങ്ങി പോവാതെ
പിന്നെ കുരുങ്ങും ;

മനസ്സിന്റെ ജാലകത്തിന്റെ,
വാതിലുകൾ പിന്നെ
തുറന്നെയിരിക്കും ;

എത്ര നാൾ പൊള്ളി ,
കടന്നു പോയെന്ന്
പിന്നെയപ്രസക്തമാവും ;

പിണക്കത്തിന്റെ
കാരണമെല്ലാമേതോ
പുഴയിലൊലിച്ചു പോവും ;

വാരി പുണരാതെ
വാക്കുകൾ കൊണ്ട് ,
കെട്ടി പുണരും ;
നിശബ്ദമാവും !

മണൽ തരി കണക്കെ
വാക്കുകൾ ബാക്കിയാവും ;

പിന്നെ പതുക്കെ
കണ്ണുകളിലേക്ക്
ഊളിയിടും ,
കൈകളിൽ കൈകൾ തൻ
ചൂടറിയും ,
മന്ദഹാസം വിരിയും ;

വാരി പുണരും ,
കഥകൾ ചൊല്ലും ,
നേരെമൊഴിയാതെ
സന്ധ്യവരെ കടൽ തിരകളെണ്ണും ;

രാവിന്റെ മാറിലവർ ,
കാലത്തെയും പുണർന്നൊഴുകും ,
കാലമൊരു പക്ഷി കണക്കെ ,
വാനിലുയരും ,
നിലാവുദിക്കും !