കേരളത്തിലും താമര വിരിയുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ താമര വിരിയുമെന്ന് സര്‍വേ ഫലം. തിരഞ്ഞെടുപ്പില്‍ ബാലക്കോട്ട്, എയര്‍സ്‌ട്രൈക്ക് അടക്കം പലസാഹചര്യങ്ങളും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് അനുകൂലമാകുമെന്നാണ് ടൈംസ് നൗ വി.എം.ആര്‍ നടത്തിയ സര്‍വേ പറയുന്നത്.

കേന്ദ്രത്തില്‍ 283 സീറ്റ് നേടി നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്നും, കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ജനുവരിയില്‍ ആയിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവചിച്ചതിനേക്കാള്‍ 21 സീറ്റോളം എന്‍.ഡി.എയ്ക്ക് കുറഞ്ഞേനെയെന്ന് സര്‍വേ പറയുന്നുണ്ട്.

ജനുവരി മാസത്തിന് ശേഷം സംഭവിച്ച ജനപ്രിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയ ബഡ്ജറ്റും, ബാലക്കോട്ട് ആക്രമണവുമാണ് വീണ്ടും ബിജെപിക്ക് അനുകൂലമായ ഒരു തരംഗം ഉണ്ടാകാന്‍ കാരണമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് 135ഉം മറ്റുള്ളവര്‍ 125 ഉം സീറ്റു നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ആകെ 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തില്‍ യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് മൂന്നും സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വേ എന്‍.ഡി.എ കേരളത്തില്‍ ഒരു സീറ്റു നേടുമെന്നും പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ