ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തന്ത്രങ്ങള്‍ തകര്‍ത്തും ഒപ്പം നിന്നവര്‍ക്ക് സീറ്റുറപ്പിച്ചും ഉമ്മന്‍ചാണ്ടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

മ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് നാടുകടത്തി അടുത്ത മുഖ്യമന്ത്രിയാകാന്‍ കുപ്പായംതുന്നി കാത്തിരിക്കുന്ന രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തന്ത്രങ്ങള്‍ തകര്‍ത്തും ഒപ്പം നിന്നവര്‍ക്ക് സീറ്റുറപ്പിച്ചും ഉമ്മന്‍ചാണ്ടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഒപ്പമുള്ള കെ.മുരളീധരന് വടകര സീറ്റാണ് ഉമ്മന്‍ചാണ്ടി പിടിച്ച് വാങ്ങി നല്‍കിയിരിക്കുന്നത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യക്തമായ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.

ഇടുക്കിയിലോ കോട്ടയത്തോ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ തന്ത്രമൊരുക്കിയവര്‍ക്കുമുന്നില്‍ കെണിയില്‍പ്പെടാതെ ഐ ഗ്രൂപ്പില്‍ നിന്നും വയനാട് സീറ്റ് പിടിച്ചുവാങ്ങി ടി. സിദ്ദിഖിനു നല്‍കിയും, നിഴലായി നിന്ന ബെന്നി ബെഹ്‌നാന് ചാലക്കുടി നല്‍കിയും ചെന്നിത്തലയോട് ഇടഞ്ഞ് ഐ ഗ്രൂപ്പ് വിട്ട അടൂര്‍ പ്രകാശിന് ആറ്റിങ്ങല്‍ നല്‍കിയും ഐ ഗ്രൂപ്പിനു മേല്‍ നേരത്തെ തന്നെ ഉമ്മന്‍ചാണ്ടി ആധിപത്യം ഉറപ്പിച്ചിരുന്നു. എറണാകുളത്ത് ഐ ഗ്രൂപ്പ്കാരനായ ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയായത് പോലും ഉമ്മന്‍ചാണ്ടിയുടെ ശക്തമായ ഇടപെടലിനെതുടര്‍ന്നായിരുന്നു. അത്‌കൊണ്ട് തന്നെ രമേശ് ചെന്നിത്തലയേക്കാള്‍ ഹൈബിയുടെ കൂറ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയോടാണ്

തന്നെ ലോക്‌സഭയിലേക്കയക്കാന്‍ അവസാന അടവും പയറ്റിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. നിരവധി വര്‍ഷമായി സ്വന്തമായിരുന്ന വയനാട് വിട്ടുകൊടുത്തതിന്റെ പേരില്‍ ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലക്കെതിരെയുള്ള ആക്രമണത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, നിഴലായി കൂടെനിന്ന ബെന്നി ബെഹ്‌നാന് സിറ്റിങ് സീറ്റായ തൃത്താലപോലും വാങ്ങിനല്‍കാനാകാത്ത വേദനയോടെയാണ് ഉമ്മന്‍ചാണ്ടി മത്സരിച്ചിരുന്നത്. വിശ്വസ്ഥനായി നിന്ന കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ പരാജയത്തിനും അദ്ദേഹത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു.

സോളാര്‍ കേസുയര്‍ത്തി ഇടതുമുന്നണി ആക്രമിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം കൈമാറുകയായിരുന്നു ഉമ്മന്‍ചാണ്ടി. പിന്നീട് പാര്‍ട്ടിയിലും സ്ഥാനമാനങ്ങളേറ്റെടുക്കാന്‍ വിസമ്മതിച്ച ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നല്‍കിയിരുന്നത്.

ഈ അവസരം മുതലെടുത്ത് ഉമ്മന്‍ചാണ്ടിയെ പാര്‍ലമെന്റിലേക്കയച്ച് അടുത്ത തവണ കേരളത്തില്‍ മുഖ്യമന്ത്രിയാകാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. കേരള കോണ്‍ഗ്രസില്‍ സീറ്റ് ചോദിച്ച് പി.ജെ ജോസഫുണ്ടാക്കിയ തര്‍ക്കം പരിഹരിക്കാന്‍ ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുന്ന ഫോര്‍മുലയും ഇരുവരും ഒരുക്കിയിരുന്നു. ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണെങ്കില്‍ മാറിനില്‍ക്കാമെന്ന ജോസഫിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ പോലും ഒരു അജണ്ട ഉണ്ടായിരുന്നു.

എന്നാല്‍ മാണിയെ പിടിച്ച്, കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാഴിക്കാടനെ പ്രഖ്യാപിപ്പിച്ച് ജോസഫിനെ ഉമ്മന്‍ചാണ്ടി മൂലക്കിരുത്തി. ഇടുക്കിയില്‍ ഐ ഗ്രൂപ്പിലെ ജോസഫ് വാഴക്കനെ മത്സരിപ്പിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പൊളിച്ച് കഴിഞ്ഞ തവണ മത്സരിച്ച ഡീന്‍കുര്യാക്കോസിനു തന്നെ സീറ്റു നല്‍കിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധീരന്‍ വെട്ടിയ ബെന്നി ബെഹ്‌നാന് സുരക്ഷിത മണ്ഡലമായ ചാലക്കുട്ടി നല്‍കാനും ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ ഇടപെടലിലൂടെ കഴിഞ്ഞു.

പിന്നീട് ഒടുവില്‍ കാലങ്ങളായി ഐ ഗ്രൂപ്പ് കുത്തകയാക്കിയ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലം വയനാട്, ടി. സിദ്ദിഖിനും വടകര മുരളീധരനുമായി പിടിച്ചുവാങ്ങുകയും ചെയ്തതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തില്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും സമ്പൂര്‍ണ്ണ വിജയമാണ് നേടിയിരിക്കുന്നത്. സിദ്ദിഖിനു പകരം പഴയ എ ഗ്രൂപ്പുകാരനായ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനെ ഇറക്കി സിദ്ദിഖിനെ വെട്ടാനുള്ള ചെന്നിത്തലയുടെ തന്ത്രവും ഉമ്മന്‍ചാണ്ടിക്കയെ ബുദ്ധിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.

പ്രകാശ് വേണ്ട സിദ്ദിഖു മാത്രം മതിയെന്ന് ഉമ്മന്‍ചാണ്ടി കര്‍ക്കശ നിലപാട് സ്വീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയോട് ഇടഞ്ഞാല്‍ കൈയ്യിലുള്ള പ്രതിപക്ഷ നേതൃസ്ഥാനവും കൈവിട്ടുപോകുമെന്ന ഭീതി ഉയര്‍ന്നതോടെയാണ് വയനാട് വിട്ടുനല്‍കാന്‍ ചെന്നിത്തല തയ്യാറായത്. ഗ്രൂപ്പ് തമ്മിലടിയില്‍ നേട്ടമുണ്ടാക്കാമെന്നു കരുതിയ മുല്ലപ്പള്ളിയെ വടകരയില്‍ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റിനെകൊണ്ട് സമ്മര്‍ദ്ദം ചെലുത്താനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു.ഇതിന് ശേഷമായിരുന്നു മുരളീധരനെ രംഗത്തിറക്കിയുള്ള തന്ത്രപരമായ നീക്കം. ഐ ഗ്രൂപ്പ്കാരിയായ വിദ്യാ ബാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു രമേശ് ചെന്നിത്തലയുടെ താത്പര്യം. എന്നാല്‍ മുരളീധരന്‍ വന്നതോടെ ആ നീക്കവും പൊളിഞ്ഞു. ഐ ഗ്രൂപ്പിലെ കടുത്ത ഉമ്മന്‍ചാണ്ടി അനുകൂലിയാണിപ്പോള്‍ മുരളീധരന്‍.ഗ്രൂപ്പ് രാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസിലെ ചാണക്യനായ ലീഡര്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴെ ഇറക്കിയ ഉമ്മന്‍ചാണ്ടിയുടെ അടവുകള്‍ക്കുമുന്നില്‍ ഐ ഗ്രൂപ്പും ചെന്നിത്തലയും മുല്ലപ്പള്ളിയും എല്ലാം ഇപ്പോള്‍ പകച്ചു നില്‍ക്കുകയാണ്.