എനിക്ക് വെളുക്കണം

ജിഷ രാജു 
“എനിക്ക് വെളുക്കണം!..” അമ്മയോടാണ്.
“ രണ്ടക്ഷരം പഠിക്കാൻ നോക്ക്..  ഇപ്പോൾ വെളുക്കാൻ നടക്കാതെ.” എന്നത്തേയും പോലെ അമ്മയുടെ ഉത്തരം.
“അതല്ല അമ്മേ എനിക്ക് വെളുത്തേ തീരൂ..”  എന്റെ കൈത്തണ്ടതിരിച്ചും മറിച്ചും നോക്കി വീണ്ടും ഞാൻ പറഞ്ഞു.
“നടത്താൻ പറ്റുന്ന ഒരു കാര്യമെങ്കിലും നിനക്ക് ചോദിക്കാൻ പറ്റുമോ? പോയി നെൽസൺ മണ്ടേലയുടെ ജീവചരിത്രം വായിക്ക്. അപ്പോൾ മനസ്സിലാവും കറുപ്പിന്റെ ഗുണം..”
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. അടി കിട്ടാനുള്ള ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നുണ്ട്.ഓമനച്ചേച്ചി വീട്ടുപണി ചെയ്യുന്ന തിരക്കിലാണ്. അവിടെ നിന്ന് വല്ല സഹായവും കിട്ടുമോ എന്ന് നോക്കാം. പക്ഷെ, എന്നെ കണ്ടപ്പോഴേ അവർ പറഞ്ഞു.
“ വെളുക്കാൻ വന്നതാ അല്ലേ.?  ഇന്നലെ ആ ബോംബക്കാരി സുന്ദരി വന്നതിന്റെ കുഴപ്പമാ ഇത്..”
എന്റെ മനസ്സ് അളക്കാനുള്ള യന്ത്രം ഓമന ചേച്ചി കൈവശപ്പെടുത്തിയിരിക്കുന്നു..!
“എന്തിനാ കുട്ടി വെളുക്കുന്നേ..? എന്നെ പോലെ വല്ലവന്റേയും അടുക്കളപ്പണി ചെയ്യാനാണോ..?” സ്വന്തം ശരീരത്തിന്റെ വെളുപ്പിലേക്ക് നോക്കി അവർ നിരാശയോടെ പറഞ്ഞുകൊണ്ടേയിരുന്നു.
“പോയി പഠിക്കാൻ നോക്കൂ. നല്ല ജോലി കിട്ടുമ്പോൾ കറുപ്പ് വെളുപ്പായി മാറികൊള്ളും.”  ഇവിടെയും ആഗ്രഹം സാധിക്കുമെന്ന് തോന്നുന്നില്ല.
എന്റെ ബാല്യത്തിൽ ഈ കാര്യവും പറഞ്ഞ് അമ്മയെ വല്ലാതെ ശല്യം ചെയ്തിട്ടുണ്ട്.എന്റെ പഴയ വീടിന്റെ തെക്കെ അകത്തും ഇടനാഴികളിലും ഇരുട്ടായിരുന്നു. വെറും ഇരുട്ടല്ല പരസ്പരം കാണാൻ കഴിയാത്ത അത്ര കൂരിരുട്ട്. വിതുമ്പി കരയുമ്പോൾ അടുത്ത് വന്നിരുന്ന് മടിയിൽ കിടത്തുന്ന ഇരുട്ട്. സ്നേഹവായ്പ്പോടെ പൂണ്ടടക്കം കെട്ടിപ്പിടിച്ച്, വിരൽകോർത്തിരുന്ന് എന്റെ കഥകൾ കേട്ട് കണ്ണിൽ നനവുള്ള ഉമ്മവെയ്ക്കുന്ന ഇരുട്ട്. ആ ഇരുട്ടിനെ കൂട്ട് പിടിച്ചായിരുന്നു ഞാനെന്ന കുട്ടി തനിയെ സംസാരിച്ചിരുന്നത്. കഥകൾ മെനഞ്ഞ് ഉണ്ടാക്കിയിരുന്നത്.
കുട്ടിക്കാലംതൊട്ട് ഇരുട്ട് പോറ്റിവളർത്തിയ കുട്ടിയായതുകൊണ്ടാവാം ഞാൻ കറുത്തുപോയത്. എന്റെ ഉടൽ മുഴുവൻ ഇരുട്ടിന്റെ ഉമ്മയടയാളങ്ങളാണ്.
ഒരു ദിവസം, പഴയ തറവാട് പൊളിക്കാൻ തുടങ്ങി. തെക്കെ അകത്തെ ഇരുട്ട്, ഇടനാഴിയിലും പിന്നെ പത്തായപ്പുരയിലും നിലതെറ്റി നടന്ന് ഒളിക്കാനിടമില്ലാതെ  എല്ലാ കറുപ്പിനേയും എനിക്ക് സമ്മാനിച്ചുകൊണ്ട് എങ്ങോ പോയി.വലിയ ജാലകങ്ങൾ ഉള്ള പുതിയ വീട്ടിലേക്ക് പിന്നീട് ഒരിക്കലും വരാതെ.
പിന്നെയും കുറച്ച് കാലം വേണ്ടി വന്നു, വർണ്ണങ്ങൾ മായയാണെന്നും മഴവില്ല് പോലൊരു മരീചികയാണെന്നും കറുപ്പാണ് സത്യമെന്നും മനസ്സിലാക്കാൻ. കൂരിരിട്ടിലൂടെ നടക്കാൻ, പാടാൻ, ഇരുട്ടിലൂടെ മഴ കാണാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ എന്തിനാണ് വെളുക്കണം എന്ന് പറഞ്ഞ് അമ്മയെ ശല്യപ്പെടുത്തിയിരുന്നത്..!
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ