ഹിന്ദു ഭീകരത എന്ന വാക്ക് ആദ്യം ഉപയോഗിച്ചയാളെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കി: ദിഗ് വിജയ് സിങ്

ഭോപ്പാല്‍: ഹിന്ദു ഭീകരത എന്ന പ്രയോഗത്തിന് പിന്നില്‍ താനല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. രാജ്യത്ത് ഔദ്യോഗിക ഭാഷയില്‍ ആദ്യമായി ഹിന്ദു ഭീകരത എന്ന വാക്കുപയോഗിച്ചയാളെ ബി.ജെ.പിയാണ് കേന്ദ്രമന്ത്രിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു ഭീകരത എന്നല്ല താന്‍ പറഞ്ഞതെന്നും ‘സംഘി ഭീകരത’ എന്ന പദമാണ് താന്‍ ഉപയോഗിച്ചതെന്നും ദിഗ് വിജയ സിങ് പറഞ്ഞു. യു.പി.എ മന്ത്രിസഭയുടെ കാലത്ത് അഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.കെ സിങ്ങാണ് ‘ഹിന്ദു ഭീകരത’ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം പിന്നീട് ബി.ജെ.പി കേന്ദ്രമന്ത്രിയായെന്നും ദിഗ് വിജയ് സിങ് ആരോപിച്ചു. താനും ജനാര്‍ദ്ദന്‍ ദ്വിവേദിയും പ്രയോഗത്തെ എതിര്‍ത്തിരുന്നുവെന്നും ദിഗ് വിജയസിങ് പറഞ്ഞു. നേരത്ത ഹിന്ദു ഭീകരത എന്ന പ്രയോഗം ദിഗ് വിജയ് സിങിന്റേതാണെന്നും പ്രയോഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് ആര്‍.എസ്.എസ് നിരന്തരം ദിഗ് വിജയ് സിങിനെതിരെ രംഗത്ത് എത്തിയിരുന്നു. ഭോപ്പാലില്‍ മലെ​ഗാവ് സ്ഫോടന കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രാജ്യത്ത് ‘ഹിന്ദു ഭീകരത’ ആരോപിച്ചിട്ടുള്ളവര്‍ക്കുള്ള മറുപടിയാണെന്നായിരുന്നു മോദിയും അമിത് ഷായും പറഞ്ഞത്. ഇതിന് പിന്നാലെയാണ് ദിഗ് വിജയ് സിങ്ങിന്റെ പ്രതികരണം.