കോഴ ആരോപണം; എം.കെ. രാഘവനെതിരെ കേസെടുത്തു

കോഴിക്കോട് :വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘത്തോട് കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘത്തോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങള്‍ ഹിന്ദി ചാനല്‍ ടിവി 9 നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം ഗൂഡാലോചന നടത്തിയെന്നുമായിരുന്നു രാഘവന്റെ പ്രതികരണം. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ഒളിക്യാമറ ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഒളിക്യാമറ വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നുമാണ് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഫൊറന്‍സിക് പരിശോധന അടക്കമുള്ള നടപടികളിലേക്ക് നീങ്ങണമെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഐജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ