മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി

ദൽഹി:ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്കെതിരായ തൂങ്ങുന്ന വാളായി ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി മാറുന്നു. രാജ്യത്തെ സ്വതന്ത്രമാദ്ധ്യമങ്ങള്‍ക്കെതിരെ നിരന്തരം കേസുകള്‍ നല്‍കി നിശബ്ദരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമാണ് കഴിഞ്ഞ പത്തുവര്‍ഷമായി സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി നടത്തികൊണ്ടിരിക്കുന്നത്. ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി കണ്‍വീനര്‍ വിനയ് ജോഷി 2001 മുതല്‍ 2010 വരെ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ബി.ജെ.പി പ്രചാരകനായിരുന്നു. കശ്മീരില്‍ പുല്‍വാമ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ട് നിരന്തരം വാര്‍ത്തകള്‍ പ്രചരിച്ച സമയത്ത് ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി രംഗത്തു വന്നു.

കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗവും താഴ്ന്ന ജാതിയില്‍പ്പെട്ടവരാണെന്ന കാരവന്‍ മാഗസിന്റെ വാര്‍ത്തക്കെതിരായിരുന്നു അന്ന് പ്രതികരിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ടവരില്‍ 40 ജവാന്‍മാര്‍ താഴ്ന്ന ജാതിയില്‍പെട്ടവരാണെന്നാണ് കാരവന്‍ റിപ്പോര്‍ട്ട്. ഇതോടെ കാരവനെതിരെ നിയമനടപടി എടുക്കണമെന്ന് കാട്ടി ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി രംഗത്തിറങ്ങുകയായിരുന്നു. സൈനികര്‍ക്കിടിയില്‍ ജാതിയുടെ വേര്‍ത്തിരിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 131, 132, 505-1 (a),(b),(c) എന്നിവ ചുമത്തി കേസെടുക്കണമെന്ന് സി.ആര്‍.പി.എഫ് മേധാവിക്ക് ഇവര്‍ കത്തു നല്‍കി. ഇത്തരത്തില്‍ വാര്‍ത്തയെ ഇഴകീറി പരിശോധിച്ച് മാദ്ധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നിരവധി കേസുകളാണ് ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി ഇതിനകം നല്‍കിയത്.

ആസാം പൗരത്വനിയമത്തിനെരെ വാര്‍ത്തകള്‍ നല്‍കിയെന്ന് കാട്ടി 2019 മാര്‍ച്ച് എട്ടിന് ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി ആസാമിലെ നാല് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പ്രതിദിന്‍ ടൈം എഡിറ്റര്‍ ഇന്‍ ചീഫ് നിടൂമിയോ സെയ്കി, അസോമിയ പ്രതിബിന്‍ ദിനപത്രത്തിലെ മഞ്ജിത് മഹാനത, പ്രാഗ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് അജിത് കുമാര്‍ ഭൂയന്‍, അഫ്രീദാ ഹൂസൈന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പൗരത്വ ബില്ലിനെതിരെ മാദ്ധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നു, ഉൾഫ പോലെയുള്ള തീവ്രവാദസംഘടനങ്ങൾക്ക് വേണ്ടി വീഡിയോകളും പ്രചാരവസ്തുക്കളും ഇലക്ട്രോണിക്, ഡിജിറ്റല്‍, പ്രിന്റ് മീഡിയ വഴി പ്രക്ഷേപണം ചെയ്യുന്നു എന്നീ ആരോപണങ്ങളായിരുന്നു പരാതിയിൽ ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17ന് ആസാം ഡി.ജി.പി ഇവര്‍ക്കെതിരെ അന്വേഷണ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി വാദം.

ബി.ജെ.പിക്കെതിരായ വാര്‍ത്തകള്‍ നല്‍ക്കുന്ന മാദ്ധ്യമങ്ങളെയാണ് ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി ലക്ഷ്യമിടുന്നു എന്നതാണ് സുപ്രധാന കാര്യം. ഇന്ത്യന്‍ എക്‌സ്പ്രസ്, കാരവന്‍, ദി വയര്‍ തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങള്‍ ഇവരുടെ ഇരകളായി മാറിയിട്ടുണ്ട്. നിരന്തരം കേസ് കൊടുത്തുകൊണ്ട് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയെന്നതാണ് ഇവരുടെ തന്ത്രം. ശ്രദ്ധാപൂര്‍വം വാര്‍ത്ത എഴുതാത്ത മാധ്യമങ്ങള്‍ എളുപ്പം ഇവരുടെ ഇരകളായി മാറും. സുപ്രിം കോടതിയുടെ ഒരു വിധിന്യായം ഉദ്ധരിച്ച ഇന്ത്യന്‍ എക്‌സ്പ്രസിനെതിരേ ഇവര്‍ പരാതി കൊടുത്തത് ഉപഭോക്തൃ കോടതിയിലാണ്. വാര്‍ത്തയുടെ ‘ചേരുവ’കളില്‍ ചേര്‍ത്ത ഒരു വിവരം താനുമായി പങ്കുവയ്ക്കാതിരുന്നത് ഒരു ഉപഭോക്താവെന്ന നിലയില്‍ തന്റെ അവകാശലംഘനമാണ് എന്നായിരുന്നു പരാതി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്യന്‍ ഗ്രൂപ്പുകള്‍ക്കെതിരേ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികളില്‍ ഇവര്‍ നല്‍കിയിട്ടുണ്ട്.