പി.ജെ ജോസഫിന് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: കെ.എം മാണിയുടെ വിയോഗത്തെ തുടര്‍ന്നുള്ള പാര്‍ട്ടി, പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനങ്ങളെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് താല്‍ക്കാലിക ശമന. മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിന് പാര്‍ട്ടി ചെയര്‍മാന്റെ താല്‍കാലിക ചുമതല നല്‍കി. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെയാണ് ജോസഫ് ചുമതല വഹിക്കുക. നിലവിലെ വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയെ ചെയര്‍മാനാക്കാനുള്ള നീക്കം മാണി ഗ്രൂപ്പില്‍ സജീമാകുന്നതിനിടെയാണ് ജോസഫിന് താല്‍ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനാണ് പി.ജെ ജോസഫ്. ഇന്നത്തെ യു.ഡി.എഫ് യോഗത്തിനു ശേഷം മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള നീക്കത്തിനിടെയാണ് മാണി വിഭാഗം ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനാക്കിയത്. 14 ജില്ലാ പ്രസിഡന്റുമാരില്‍ 10 പേരും ജോസ് കെ. മാണിയെ പിന്തുണക്കുന്നവരാണ്. പാര്‍ട്ടി ഉന്നതാധികാര സമിതി, സ്റ്റിയറിങ് കമ്മിറ്റി എന്നിവയിലും മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. അന്തരിച്ച ചെയര്‍മാന്‍ കെ.എം. മാണിയുടെ പിന്‍ഗാമിയെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ജില്ല പ്രസിഡന്റുമാരെ മുന്‍നിര്‍ത്തി മാണി വിഭാഗം പരസ്യനീക്കം ആരംഭിച്ചതോടെ, ഇതിനു തടയിടാന്‍ പി.ജെ. ജോസഫും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. ഇതോടെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി. പാര്‍ട്ടി ജില്ലാ ഘടകങ്ങളിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിനെ വെട്ടാനുള്ള ഒരുക്കത്തിലായിരുന്നു ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ മാണി വിഭാഗം. കോട്ടയം ലോക്‌സഭ സീറ്റിലേക്ക് മത്സരിക്കാനുള്ള ജോസഫിന്റെ നീക്കങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റുമാരെ അണിനിരത്തിയാണ് ജോസ് കെ. മാണി അവസാന നിമിഷം തടയിട്ടത്. ഈ മാതൃക പിന്തുടര്‍ന്നാണ് ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനെ കണ്ടത്. എന്നാല്‍, സമവായത്തിലൂടെ പ്രശ്‌നപരിഹാരമെന്ന പരസ്യ നിലപാടാണ് സി.എഫ്. തോമസ് എടുത്തത്. ജില്ലാ പ്രസിഡന്റുമാരെ മുന്‍നിര്‍ത്തി പാര്‍ട്ടിയിലെ പ്രധാനസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിനെതിരേ മാണിഗ്രൂപ്പില്‍ തന്നെ എതിര്‍പ്പയര്‍ന്നിരുന്നു. സ്ഥാനങ്ങള്‍ മാണിവിഭാഗത്തിനു തന്നെ വേണമെന്ന രീതിയിലുള്ള ജോസ് കെ.മാണിയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ മറുതന്ത്രവുമായി പി.ജെ. ജോസഫിനെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെ തല്‍ക്കാലത്തേക്ക് മുട്ടുമടക്കാന്‍ ജോസ് കെ.മാണി വിഭാഗം തയ്യാറായത്. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വീണ്ടുമൊരു പിളര്‍പ്പിലേക്കു കേരള കോണ്‍ഗ്രസ് നീങ്ങുമെന്ന ആശങ്കയും ജോസ് കെ.മാണി വിഭാഗത്തിന്റെ പിന്‍മാറ്റത്തിനു പിന്നിലുണ്ട്. ജോസ് കെ.മാണി ചെയര്‍മാനും സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമാകണമെന്ന നിര്‍ദ്ദേശവുമായി എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ഇന്നലെ കോട്ടയത്ത് മുതിര്‍ന്ന നേതാക്കളെ കണ്ടതോടെയാണ് കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ വഷളായത്. അനുരഞ്ജനത്തിലൂടെ പാര്‍ട്ടി സ്ഥാനങ്ങള്‍ പങ്കുവയ്ക്കാമെന്ന ധാരണയാണ് മാണി-ജോസഫ് വിഭാഗങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പി.ജെ.ജോസഫിന് പദവി നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പുള്ള ചില മാണിവിഭാഗം നേതാക്കള്‍ ഈ ധാരണ അട്ടിമറിക്കുകയായിരുന്നു. ജോസ് കെ.മാണിയുടെ പിന്തുണയോടെ ഈ വിഭാഗമാണ് ജില്ലാ പ്രസിഡന്റുമാരെ മുന്‍നിര്‍ത്തി ജോസഫിന്റെ സാദ്ധ്യത തടയാനുള്ള നീക്കം നടത്തിയത്. ഇതേ തുടര്‍ന്നാണ്, ഇന്നലെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ കോട്ടയത്ത് ഒത്തുചേര്‍ന്നത്. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസിനെ കണ്ട ജില്ലാ പ്രസിഡന്റുമാര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച തങ്ങളുടെ ഫോര്‍മുല അവതരിപ്പിച്ചെങ്കിലും അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നത് ഇങ്ങനെയല്ലെന്ന് സി.എഫ് തോമസ് തുറന്നടിക്കുകയായിരുന്നു. തോമസിനെ കണ്ടശേഷം ജില്ലാ പ്രസിഡന്റുമാര്‍ പാലായിലെത്തി ജോസ് കെ.മാണിയെയും സന്ദര്‍ശിച്ചു. പിന്നീട്, സന്ദര്‍ശനവിവരവും ജില്ലാ പ്രസിഡന്റുമാരുടെ ആവശ്യവും വിഭാഗീയത വളര്‍ത്താനേ ഉപകരിക്കൂവെന്ന പി.ജെ. ജോസഫ് വിഭാഗത്തിന്റെ മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ക്കു ലഭിച്ചതോടെ സി.എഫ് തോമസും ജോസ് കെ. മാണിയും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ സംബന്ധിച്ച യാതൊരു ചര്‍ച്ചയും തുടങ്ങിയിട്ടില്ലെന്നും സി.എഫ് തോമസുമായി ചര്‍ച്ച ചെയ്തുമാത്രമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് ജോസ് കെ.മാണിയും നിലപാട് വ്യക്തമാക്കിയതോടെയാണ് ജോസഫ് വിഭാഗം അനുനയത്തിനു തയാറായത്. മുതിര്‍ന്ന നേതാക്കളായ ജോയ് എബ്രഹാം, പി.ടി ജോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍ ജയരാജ് എം.എല്‍. തുടങ്ങിയവര്‍ പിളര്‍പ്പുണ്ടാകുന്ന സാഹചര്യമുണ്ടാക്കരുതെന്ന നിലപാടുകാരണ്. കെ.എം മാണിയെ പോലെ പരിചയസമ്പന്നനായ നേതാവിന്റെ അഭാവമുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിച്ചു കൊണ്ടു പോകുന്നതിന് പകരം ഭിന്നിപ്പിക്കുന്ന സമീപനം ആരില്‍ നിന്നുമുണ്ടാകരുതെന്ന നിലപാടാണ് ഇവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ