പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരള നിര്‍മിതി ലക്ഷ്യം: മുഖ്യമന്ത്രി

ജനീവ: ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹികസുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ നമുക്ക് വലിയ താങ്ങായിരിക്കും. ഇപ്പോള്‍ കേരളം പുനര്‍നിര്‍മ്മിക്കുക എന്ന ബൃഹദ് ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിനു മുമ്പ് ഉണ്ടായിരുന്നത് പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള ഒരു പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരള പുനര്‍നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നു.

ഈ വിഭാഗങ്ങള്‍ക്ക് അവ ഔദാര്യമായല്ല, മറിച്ച്, അവരുടെ അവകാശമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. മേയില്‍ ഫോനി കൊടുങ്കാറ്റ് ഒഡീഷയെ ഏറെ ബാധിച്ചു. മനുഷ്യജീവനുകള്‍ക്ക് കാര്യമായ നഷ്ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം വലുതാണ്. ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുക എന്ന ഈ സമ്മേളനത്തിന്റെ പ്രധാന ആശയത്തെ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ പിന്താങ്ങുന്നു. ഇവിടെ പറയാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട കാര്യം 2018ലെ വെള്ളപ്പൊക്കം കേരള സമൂഹത്തിന്റെ ഏറ്റവും വലിയ നന്മയെ പുറത്തുകൊണ്ടുവന്നു എന്നതാണ്. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മറന്ന് സാഹോദര്യമനോഭാവത്തോടെ പരസ്പരം പിന്തുണ നല്‍കി പ്രകൃതിദുരന്തത്തെ അതിജീവിച്ചു. ഇത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വേണ്ട ഊര്‍ജ്ജം പകര്‍ന്നുനല്‍കും. പ്രളയത്തില്‍ വിലപ്പെട്ട 453 മനുഷ്യജീവനുകള്‍ നമുക്ക് നഷ്ടപ്പെട്ടു.

ഇതിനുപുറമെ 2,80,000 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. 1,40,000 ഹെക്ടറില്‍ കാര്‍ഷികവിളനാശമുണ്ടായി. 70,000 കിലോമീറ്റര്‍ റോഡ് ശൃംഖലയ്ക്ക് സാരമായ കേടുപാട് സംഭവിച്ചു. കേരളീയ സമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെയാണ് നേരിട്ടത്. പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാരും ഐക്യത്തോടെയും പെട്ടെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തോട് നമ്മള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്ടപ്പെടുമായിരുന്നു. സര്‍ക്കാര്‍ സംവിധാനം ജാഗരൂകമായി മുഴവന്‍ സമയവും ഈ പ്രതിസന്ധി നേരിടാനായി പ്രവര്‍ത്തനനിരതമായിരുന്നു. സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധസേനാംഗങ്ങളും ഇതില്‍ മുഖ്യപങ്കുവഹിച്ചു. വീടുകളിലകപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയത്.

സാമൂഹിക പങ്കാളിത്തത്തോടെ ഇത് വളരെ ഫലപ്രദമായി ചെയ്യാന്‍ സാധിച്ചു. ഭാഗികമായും പൂര്‍ണ്ണമായും കേടുപാടുപറ്റിയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സമഗ്രപദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗാര്‍ഹികോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാനായി സഹകരണ വാണിജ്യ ബാങ്കുകള്‍ വഴി വായ്പകള്‍ ലഭ്യമാക്കി വനിതാ സ്വയംസഹായ സംഘടനയായ കുടുംബശ്രീ വഴി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ വായ്പകളിന്മേലുള്ള പലിശ സര്‍ക്കാര്‍ വഹിക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് നിലവിലുള്ള തൊഴില്‍ദാന പദ്ധതികള്‍ വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ കേടുപാടുകള്‍ സംഭവിച്ച വീടുകളും പൂര്‍ണ്ണമായി തകര്‍ന്നുപോയ വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.