ആന്തൂർ നഗരസഭാദ്ധ്യക്ഷ പി. കെ ശ്യാമള രാജി വച്ചേക്കും

കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ ആരോപണവിധേയയായ ആന്തൂർ നഗരസഭാദ്ധ്യക്ഷ പി. കെ ശ്യാമള പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചതായി സൂചന. പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചർച്ച ചെയ്യാൻ കണ്ണൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നടക്കുകയാണ്. പി.ജയരാജനടക്കമുള്ള നേതാക്കാൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂർ വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന നടപടികൾ മാദ്ധ്യമങ്ങളെ അറിയിക്കും. എന്തൊക്കെയായാലും ആന്തൂർ നഗരസഭാദ്ധ്യക്ഷ പി. കെ ശ്യാമളയ്ക്ക് എതിരെ പാർട്ടിയിൽ അച്ചടക്ക നടപടി ഉണ്ടാകും. വിഷയത്തിൽ പി. കെ ശ്യാമളയുടെ വിശദീകരണം പാർട്ടി തേടിയിരുന്നു. താക്കീത്, ശാസന, പരസ്യശാസന എന്നിവയിൽ ഏതെങ്കിലും നടപടിയാണ് ഉണ്ടാകുക. സംഭവത്തിൽ വേണ്ടത്ര ജാഗ്രത അദ്ധ്യക്ഷ കാണിച്ചില്ല എന്ന് പാർട്ടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായാൽ അതു തിരുത്തിക്കേണ്ട ചുമതല ഭരണ സമിതിക്കാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും വിമർശനം ഉയർന്നിരുന്നു.

സംഭവത്തിൽ കീഴ്ഘടകങ്ങളിൽ കടുത്ത അതൃപ്തിക്ക് പാർട്ടിയിലെ ഈഗോ പ്രശ്‌നങ്ങളും ചേരിപ്പോരും ഒരു പ്രവാസിയുടെ ആത്മഹത്യയിലെത്തിച്ചെന്നും, സ്വപ്ന പദ്ധതിയെ ചുവപ്പുനാടയിൽ കുരുക്കിയിട്ടെന്നും ബി.ജെ.പിയും കോൺഗ്രസും വ്യാപക പ്രചാരണ വിഷയങ്ങളാക്കുന്നതും പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പാർട്ടിയെ അനാവശ്യമായി പ്രതിരോധത്തിലാക്കുകയായിരുന്നുവെന്നും അംഗങ്ങൾ പറയുന്നു. ശ്യാമള ജില്ലാ കമ്മിറ്റി അംഗമായതിനാൽ വിഷയം അവിടെ ചർച്ച ചെയ്യാമെന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ആന്തൂർ വിഷയം ചർച്ചയാക്കുന്നത്.