യുദ്ധം ഇറാന്റെ നാശമായിരിക്കും

ഇറാനെതിരെ ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു യുദ്ധമുണ്ടായാൽ അത് ഇറാന്റെ നാശമായിരിക്കും ഫലമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. വെള്ളിയാഴ്ച എൻ.ബി.സിയോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. യു.എസ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറുമാണ്. പക്ഷേ ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാനെ യു.എസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ സൈനിക നീക്കത്തിൽ നിന്ന് അവസാന നിമിഷം പിൻമാറിയതിന്റെ കാരണവും ട്രംപ് വിശദീകരിച്ചു. ആക്രമണം നടത്തിയാൽ 150ഓളം പേർ മരിക്കുമെന്ന് റിപ്പോർട്ട് കിട്ടിയതിനെത്തുടർന്നാണ് നീക്കത്തിൽ നിന്ന് പിൻതിരിഞ്ഞതെന്ന് ട്രംപ് പറഞ്ഞു. ആളില്ലാ വിമാനം വീഴ്ത്തിയതിന് ഇത്തരമൊരു തിരിച്ചടി വേണ്ട എ്ന്നതുകൊണ്ടാണ് തീരുമാനം മാറ്റിയത്. തനിക്ക് ധൃതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.