പേരില്ലാത്ത പെൺകുട്ടി

നിഴലുകൾക്ക് നീളം വക്കാൻ
തുടങ്ങിയപ്പോഴാണ്
ആ ക്ഷേത്രത്തിൽ എത്തിയത്
ക്ഷേത്രത്തിന്റെ പുറംചുമരിൽ നിറയെ
കൈപ്പത്തികൾ പതിച്ചിരുന്നു..
കണ്ണാടി കൂട്ടിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന
പല വലിപ്പത്തിലുള്ള കൈപ്പത്തികൾ..
അവയ്ക്ക്..
മരണത്തിന്റെ മണമായിരുന്നു ….
ചോരയുടെ നിറമായിരുന്നു…
പൊള്ളി പിടഞ്ഞ സ്വപ്നങ്ങളുടെ നിറം…
കൂട്ടത്തിലേറ്റവും കുഞ്ഞികൈപ്പത്തി…
അതെന്റെ മനസ്സിൽ തൊട്ടു…
ദശാബ്ദങ്ങൾക്ക് പിറകിൽ..
ഒരു പതിമൂന്നു വയസ്സുകാരിയുടെ സാമീപ്യം
ഞാനറിഞ്ഞു…
അവളും ഞാനും മാത്രമായ നിമിഷങ്ങൾ…
അവൾ വാ തോരാതെ പറഞ്ഞു…
അവളെ പറ്റി….
ഗ്രാമത്തിലെ ജമീന്ദരെ പറ്റി..
അയാളുടെ വാല്യക്കാരായ അവളുടെ മാതാപിതാക്കളെ പറ്റി…
അയാളുടെ ഇളയമകൻ അവളെ വിവാഹം കഴിച്ചതിനെ പറ്റി
അവളുടെ മൂന്നിരട്ടി പ്രായമുള്ള ഒരുവൻ….. മദ്യപാനിയായ
അയാളെ അവൾക്ക് ഭയമായിരുന്നു…
അവൾക്കിഷ്ടം പാവകളെയായിരുന്നു..
അണിയിച്ചൊരുക്കിയ പാവകളെ ചേർത്തുപിടിച്ചവളുറങ്ങി..
രാവിന്റെ ഇരുണ്ട യാമങ്ങളിൽ
എത്തുന്ന ഭർത്താവ്…
അയാളാ പാവകളെ ദൂരേക്ക് എറിഞ്ഞു കളഞ്ഞു..
പൊടുന്നനവേ അയാളില്ലാതായ ഒരു ദിനം
ആശ്വാസത്തിന്റെ നെടുവീർപ്പിൽ അവളാ
പാവകളെ ചേർത്തു പിടിച്ചു…
പ്രതിച്ഛായയിൽ
ഒരു വിധവയുടെ മുഖം അവളറിഞ്ഞില്ല…
ആരോ അവളുടെ വളകൾ പൊട്ടിച്ചെറിഞ്ഞു..
നെറ്റിയിലെ സിന്ദൂരം തുടച്ചു മാറ്റി…
നിറമുള്ള വസ്ത്രങ്ങളും മാലകളും ഊരിയെടുത്തു..
വെള്ള വസ്ത്രം ധരിപ്പിച്ചു…
അവളുടെ അമ്മ അലമുറയിടുന്നുണ്ടായിരുന്നു..
അച്ഛന്റെയും ജേഷ്ഠന്റെയും
കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നു..
ചിതയൊരുങ്ങുന്ന പാടത്തേക്ക്.
അവരവളെ നടത്തി…
കണ്ണുകൾ മൂടി…
കരങ്ങൾ ബന്ധിച്ച്..
അവൾ പറഞ്ഞു..
ജീവനുള്ള എന്റെ കൈപ്പത്തിയുടെ
അവസാനത്തെ അടയാളമാണിത്..
പൂജാരി നീട്ടിയ താലത്തിലെ
മഞ്ഞളിൽ മുക്കി ഞാൻ പതിപ്പിച്ച അടയാളം..
ചിതയിൽ മരിച്ച ഭർത്താവിന്റെ ശിരസ്സ്
മടിയിൽ വച്ച് ഞാനിരുന്നു…
ബന്ധിക്കപ്പെട്ട ബലിമൃഗത്തെ പോലെ..
മരവിച്ച മനസ്സുമായി…
പൊള്ളി പിടഞ്ഞപ്പോൾ..
രക്ഷപെടാൻ വൃഥാ ശ്രമിച്ചു…
പക്ഷേ ആരൊക്കെയോ
വീണ്ടും ചിതക്കുള്ളിലേക്ക് തള്ളിയിട്ടു…
പിടച്ചിലിനൊടുവിൽ ഞാനീ
കാറ്റിലലിഞ്ഞു…
സതി അനുഷ്ടിച്ച ധർമപത്നിയായി…
എന്റെ മോഹങ്ങളും സ്വപ്നങ്ങളും
ചിതയിൽ എരിഞ്ഞടങ്ങിയത്
പാവക്കുട്ടികൾ മാത്രമറിഞ്ഞു…
“നിങ്ങളെന്റെ അമ്മയെ പോലെ ”
കവിളിലൊരു മുത്തം ഞാനറിഞ്ഞു..
നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചപ്പോഴേക്കും
അവളാ ഗോതമ്പു വയലുകൾക്കിടയിൽ
അപ്രത്യക്ഷയായിരുന്നു…