ചിത്രീകരണത്തിനിടെ ടൊവിനോക്ക് പൊള്ളലേറ്റു

എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്. ഇതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. പരുക്കേറ്റ ടൊവിനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

നവാഗതനായ സ്വപ്നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം.