മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു. ഒരു ഭാഗത്ത് മോദിസ്തുതി നടത്തുന്ന പോംപെ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വിമര്‍ശനവും ഉയര്‍ത്തി. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയെ പോംപെ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗമാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് എതിരായി വിവേചനം കാണിക്കുന്നതാണ് മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്്‌മെന്റ് റിപോര്‍ട്ടെന്ന് ബിജെപി കുറ്റപ്പെടുത്തി മൂന്നാം ദിവസമാണ് പോംപെയുടെ പരാമര്‍ശം.

ഇന്ത്യയില്‍ ഹിന്ദുത്വതീവ്രവാദ ഗ്രൂപ്പുകള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരേ അക്രമണം അഴിച്ചുവിടുകയാണെന്നും മുസ്ലിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും കുറ്റപ്പെടുത്തുന്ന മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച റിപോര്‍ട്ട് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. 2018 കാലത്ത് ബീഫിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളും ആക്രമണങ്ങളും ആള്‍ക്കൂട്ടക്കൊലകളും എല്ലാം പരിഗണിച്ചായിരുന്നു റിപോര്‍ട്ട് തയ്യാറാക്കിയത്. യുഎസ് റിപോര്‍ട്ട് മോദിയോട് കൃത്യമായി വിവേചനം കാണിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ നാല് പ്രധാന ലോകമതങ്ങളുടെ ഉത്ഭവകേന്ദ്രമാണ്. അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നാം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. അതിനു നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നിര്‍ഭാഗ്യകരമായിരിക്കും- ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍ണാഷണല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ മൈക്ക് പോംപെ അഭിപ്രായപ്പെട്ടു.

മുംബൈ സ്‌ഫോടനത്തിനു കാരണക്കാരനായ മസൂദ് അസറിനെയും അത് ആസൂത്രണം ചെയ്ത ജെയ്ഷ് ഇ മുഹമ്മദിനെയും കരിമ്പട്ടികയില്‍ പെടുത്തിയതില്‍ അമേരിക്കയ്ക്ക് അതിയായ സന്തോഷമുണ്ടെന്ന് പോംപെ പറഞ്ഞു. പുല്‍വാമയിലും ജെയ്ഷ് ഇ മുഹമ്മദ് തന്നെയായിരുന്നു ഉത്തരവാദിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യ അന്തര്‍ദ്ദേശീയ രംഗങ്ങളില്‍ നിവര്‍ന്നു നില്‍ക്കുന്നതിനെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും പോംപെ പറഞ്ഞു. യുഎന്‍-ല്‍ ഫലസ്തീന്‍ സര്‍ക്കാരിതര സംഘടനക്കെതിരേ വോട്ട് ചെയ്തതിനെ കുറിച്ചായിരുന്നു പോംപെയുടെ പരാമര്‍ശം. മോദിയും ട്രംപും ഏത് നടപടിക്കും പ്രാപ്തരാണെന്നും ഒന്നിനെയും ഭയപ്പെടുന്നവരല്ലെന്നും അദ്ദേഹം തുറന്നടിച്ചു.