അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 20,000 റണ്‍സ് നേടുന്ന താരമായി വിരാട് കോഹ്‌ലി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 20,000 റണ്‍സ് നേടുന്ന താരമെന്ന ബഹുമതി ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്്. 131 ടെസ്റ്റുകളും 244 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളിലും നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യ ഇന്ന് വിന്‍ഡീസിനെ നേരിടുമ്പോള്‍ നായകന്‍ വിരാട് കോഹ്‌ലി ഈ നേട്ടത്തിന് വെറും 37 റണ്‍സ് മാത്രം അകലെയായിരുന്നു. ഏകദിനത്തില്‍ 11,087,ടെസ്റ്റില്‍ 6,613, ടി ട്വന്റിയില്‍ 2263 എന്നിങ്ങനെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള കോഹ്‌ലിയുടെ റണ്‍ നേട്ടം. ആകെ 19,963. ഇന്ത്യ പാകിസ്താന്‍ മത്സരത്തിലായിരുന്നു കോലി 11,000 അന്താരാഷ്ട്ര ഏകദിന റണ്ണുകള്‍ തികച്ചത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് കോലി മറികടന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും (34,357 റണ്‍സ്) രാഹുല്‍ ദ്രാവിഡും (24,208 റണ്‍സ്) അടക്കം 11 ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ത്തിലധികം റണ്‍ നേടാന്‍ സാധിച്ചത്. നിലവില്‍ സച്ചിനും ബ്രയാന്‍ലാറക്കുമാണ് ഈ റെക്കോഡ്. 453 ഇന്നിങ്‌സില്‍ നിന്നാണ് ഇരുവരും 20,000 റണ്ണുകള്‍ തികച്ചത്. ലോകപ്പില്‍ ഇതുവരെയും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരെ 82 റണ്‍സും പാകിസ്താനെതിരെ 77 റണ്‍സുമാണ് ലോകകപ്പില്‍ ഇതുവരെയുള്ള കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.