ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മയും കെ. എല്‍. രാഹുലുമാണ് ഓപ്പണ്‍ ചെയ്യുന്നത്. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. അഞ്ചില്‍ നാല് മത്സരവും ജയിച്ച് ഒന്‍പത് പോയിന്റുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ സെമിഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം.

എന്നാല്‍ വിന്‍ഡീസിന് ഇന്ന് ജയം അനിവാര്യമാണ്. ആറില്‍ നാല് മത്സരവും അവര്‍ തോറ്റു. ഒന്നില്‍ ജയിച്ചപ്പോള്‍ ഒന്ന് മഴ കാരണം ഉപേക്ഷിച്ചു. മൂന്ന് പോയിന്റുള്ള അവര്‍ ഇന്ന് തോറ്റാല്‍ പുറത്താകും. വിന്‍ഡീസ് രണ്ടു മാറ്റങ്ങളുമായാണ് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നത്. എവിന്‍ ലൂയിസ്, ആഷ്‌ലി നഴ്‌സ് എന്നിവരെ വിന്‍ഡീസ് ഒഴിവാക്കി. സുനില്‍ ആംബ്രിസും ഫാബിയന്‍ അലീനും 11 അംഗ ടീമില്‍ സ്ഥാനം നേടി.