സ്ഫിങ്ക്സ് : പ്രായവും പേരുമില്ലാത്ത ഭൂതം !

ജൂലിയസ് മാന്വൽ
ഈജിപ്‍തെന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം മൂന്ന് പിരമിഡുകളും അതിനുമുന്നിൽ കാവലാളായി നിവർന്ന് കിടക്കുന്ന സ്ഫിങ്ക്സ് എന്ന പ്രതിമയുമാണ്. കഥകളിലൂടെയും , കവിതകളിലൂടെയും , സിനിമകളിലൂടെയും നമുക്കീപ്രതിമയെ അടുത്തറിയാം . പക്ഷെ ഈ ആധുനികയുഗത്തിലും ഈ പ്രതിമ നമ്മിൽനിന്നും പല കാര്യങ്ങളും മറച്ചുവെച്ചിട്ടുണ്ട് .

ആദ്യമേ തന്നെ അറിഞ്ഞോളൂ സ്ഫിങ്ക്സ് എന്ന പേര് ഈജിപ്ഷ്യനെയല്ല , മറിച്ച് അതൊരു ഗ്രീക്ക് നാമമാണ് . പ്രാചീന ഗ്രീക്ക് നഗരങ്ങളുടെ കാവലാളായി നിന്നിരുന്ന പകുതി മനുഷ്യനും പാതി മൃഗവുമായിരുന്ന ഒരു സാങ്കൽപ്പിക ജീവിയാണ് സ്ഫിങ്ക്സ് . ചരിത്രകാരനായ ഹെറോഡോട്ടസിന്റെ കാലത്തിന് മുൻപ് തന്നെ അനേകം സ്ഫിങ്ക്സ് പ്രതിമകൾ ഗ്രീസിൽ നിലവിലുണ്ടായിരുന്നു . പെണ്ണിന്റെ മുഖവും, സിംഹത്തിന്റെ ഉടലും , പക്ഷിയുടെ ചിറകുകളുമുള്ള ഒരു ഭീകരരൂപിയായിരുന്നു ഗ്രീക്കുകാരുടെ സ്ഫിങ്ക്സ് . തീബ്സ്നഗരകവാടത്തിൽ വിശ്രമിക്കുന്ന ഈ ജീവി യാത്രക്കാരോട് വിചിത്രങ്ങളായ ചില കടംകഥകൾ ചോദിക്കും . അതിന് ഉത്തരം പറയാനായാൽ അയാൾക്ക് നഗരത്തിൽ പ്രവേശിക്കാം .അല്ലങ്കിൽ സ്ഫിങ്ക്സ് അയാളെ ഭക്ഷണമാക്കും . ഈഡിപ്പസ് എന്ന നാടകത്തിൽ സ്ഫിങ്ക്സ് ചോദിക്കുന്ന ഇത്തരമൊരു കടംകഥ പ്രതിപാദിക്കുന്നുണ്ട് . “ഏത് ജീവിയാണ് നാല് കാലുകളിലും, മൂന്ന് കാലുകളിലും, പിന്നെ രണ്ട് കാലുകളിലുമായി ജീവിക്കുന്നത് ? ” ഈ ചോദ്യത്തിന് “മനുഷ്യൻ എന്ന ഉത്തരം നൽകി ഈഡിപ്പസ് സ്ഫിങ്കിസിനെ പരാജയപ്പെടുത്തി . ഇങ്ങനെ പെണ്ണിന്റെ മുഖവും, പൈശാചികമായ ചെയ്തികളുമുള്ള ഗ്രീക്ക് സ്ഫിങ്ക്‌സിനേക്കാൾ വളരെ വ്യത്യസ്തമായിരുന്നു ഈജിപ്ഷ്യൻ സ്ഫിങ്ക്സ് . ഈജിപ്ഷ്യൻ സ്ഫിങ്ക്സിന് പെണ്ണിന്റെ ഛായയല്ല മറിച്ച് ആണിന്റെ മുഖമാണ് ഉള്ളത് . കൂടാതെ ശാന്തനും, മാന്യനുമാണ് ഈജിപ്ഷ്യൻ സ്ഫിങ്ക്സ് .

നാം സ്ഥിരമായി കാണുന്ന ഗിസായിലെ പടുകൂറ്റൻ സ്ഫിങ്ക്സ് പ്രതിമ മാത്രമല്ല ഈജിപ്തിൽ ഉള്ളത് . ഇത് കൂടാതെ മറ്റ് പല പ്രാചീന ഈജിപ്ഷ്യൻ നഗരങ്ങളിൽ നിന്നും സ്ഫിങ്ക്സ് പ്രതിമകൾ കണ്ടെത്തിയിട്ടുണ്ട് . പക്ഷെ കൂട്ടത്തിൽ ഏറ്റവും വലുത് ഗിസായിലെ ഭീമൻ പ്രതിമതന്നെയാണ് . ഏകദേശം നാലായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നുവെങ്കിലും അതിലും വളരെയേറെപ്പഴക്കം ഇതിനുണ്ട് എന്നാണ് മറ്റ് ചിലർ അവകാശപ്പെടുന്നത് . ഈജിപ്തിലെ ഗിസാ പീഠഭൂമിയിൽ , നൈലിന് പടിഞ്ഞാറ് ,വിഖ്യാതമായ ഗിസായിലെ മൂന്ന് പിരമിഡുകൾക്ക് മുന്നിൽ കിഴക്കോട്ട് ദർശനമായി ആണ് സ്ഫിങ്ക്സ് നിലയുറപ്പിച്ചിരിക്കുന്നത് . ബിസി രണ്ടായിരത്തി അഞ്ഞൂറുകളിൽ ഫറവോ ആയിരുന്ന ഖഫ്രെ ആണ് ഇത് പണികഴിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ മുഖമാണ് സ്ഫിങ്ക്സിനുള്ളത് എന്നും ഒരുകൂട്ടം ഗവേഷകർ വാദിക്കുന്നു . എന്നാൽ ഈ പ്രതിമ അതിനും മുൻപേ ഉള്ളതാണെന്നും, പലവുരി അനേകം ഫറോവോമാർ സ്ഫിങ്ക്സിന്റെ മുഖം ഉരച്ചു മിനുക്കി തങ്ങളെപ്പോലെയാക്കി മാറ്റിയിട്ടുണ്ടാവാം എന്നുമാണ് വേറെ ചിലരുടെ വാദം . എന്നാൽ സ്ഫിങ്ക്സിനെ ചുറ്റിപ്പറ്റി ഏറ്റവും ദുരൂഹത ഉളവാക്കുന്ന മറ്റൊരു കാര്യമുണ്ട് . ഈജിപ്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള പ്രധാനപ്പെട്ട ഒരൊറ്റ രേഖകളിലും ഈ പ്രതിമയെപ്പറ്റി യാതൊരു പരാമർശവും ഇല്ല. അതിനാൽ തന്നെ ഇത് ആര് ? എപ്പോൾ ? എന്തിന് വേണ്ടി പണികഴിപ്പിച്ചു എന്നത് ഇന്നും ആർക്കും അറിയില്ല . ഇത്തരം ദുരൂഹ പശ്ചാത്തലം കാരണം ഇത് ഉണ്ടാക്കിയവർ ഈ പ്രതിമക്ക് എന്ത് പേരാണ് ഇട്ടത് എന്നും നമുക്കറിയില്ല . പിന്നീട് ഗ്രീക്ക് സ്ഫിങ്ക്സിനോടുള്ള സാമ്യം കാരണം ഇതിനും അതെ പേര് തന്നെ നല്കപ്പെടുകയായിരുന്നു .

ഗിസാ പീഠഭൂമിയിലെ ചുണ്ണാമ്പുകല്ലിൽ വെട്ടിയുണ്ടാക്കിയ ഒറ്റക്കൽ പ്രതിമയാണ് സ്ഫിങ്ക്സ് . ചറ്റുമുള്ള പിരമിഡുകൾ നിർമ്മിക്കാനാവശ്യമായ കല്ലുകളും മണ്ണും ഇതിന്റെ സമീപത്തുള്ള ഭൂമിയിൽ നിന്നും ശേഖരിച്ചിട്ടുണ്ട് . പിരമിഡുകൾക്കാവശ്യമായ ബാക്കി കല്ലുകൾ നൈലിന്റെ തീരത്ത് നിന്നും വെട്ടിയുണ്ടാക്കിയ കനാലുകൾ വഴി വഞ്ചികളിൽ എത്തിക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നത് . ഇത്തരമൊരു കനാൽ സ്ഫിങ്ക്സിന്റെ സമീപം ഉണ്ടായിരുന്നതായി കാണപ്പെടുന്നുമുണ്ട് . ഇന്ന് നാം കാണുന്ന ഗിസാ , നാലായിരം വർഷങ്ങൾക്ക് മുൻപ് ഫറവോമാരുടെ ശവപ്പറമ്പ് ആയിരുന്നു . അതിന്റെ കാവലാളായി പാതാള ദേവനായിരുന്ന അനുബിസിനെ ആണ് സ്ഫിങ്ക്സ് എന്ന രൂപേണ പ്രതിഷ്ഠിച്ചത് എന്നും ഒരുകൂട്ടം ഗവേഷകർ വാദിക്കുന്നുണ്ട് . നിർമ്മിച്ച് ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ഈ സ്ഥലം ഉപേക്ഷിക്കപ്പട്ടു . പിന്നീട് തുത്മോസിസ് നാലാമൻ ഫറവോ ആണ് ക്രിസ്തുവിനും ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ്, താൻ കണ്ട ഒരു സ്വപ്നത്തെ അടിസ്ഥാനപ്പെടുത്തി , സ്ഫിങ്ക്സിനെ മണ്ണിനടിയിൽ നിന്നും വീണ്ടെടുത്തത് . അദ്ദേഹം ആ സംഭവം ഒരു ശിലാഫലകത്തിലാക്കി സ്ഫിങ്ക്സിന്റെ കാലുകൾക്കിടയിലുള്ള ചെറിയ ക്ഷേത്രത്തിനുള്ളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് . വീണ്ടും മണ്ണടിഞ്ഞു പോയ പ്രതിമ ആധുനിക കാലഘട്ടത്തിൽ 1930 കളിലാണ് മുഴുവനുമായി മണ്ണിനടിയിൽ നിന്നും വീണ്ടെടുക്കുന്നത് . അതിനും മുൻപേ പ്രതിമയുടെ തലഭാഗം മണ്ണിന് മുകളിൽ ദൃശ്യമായിരുന്നു . 1800 കളിൽ പ്രതിമയുടെ തോൾഭാഗം വരെ മണൽ മൂടിയിരുന്നു എന്ന് രേഖകകൾ സമർത്ഥിക്കുന്നു . അന്ന് നെപ്പോളിയൻ ഇവിടം സന്ദർശിച്ചിരുന്നു . അദ്ദേഹമാണ് ഇന്ന് കാണുന്ന രീതിയിൽ പ്രതിമയുടെ മൂക്ക് തകർത്തത് എന്നൊരു പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും അതിനും മുൻപ് തന്നെ ഇത് സംഭവിച്ചിരുന്നു എന്ന് ഇപ്പോൾ വ്യക്തമാണ് . പ്രതിമയുടെ തകർന്ന താടിഭാഗം ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഉള്ളത് .

നമ്മുടെയൊക്കെ ചിന്തകൾക്കും അപ്പുറമുള്ള ഒരു കാലഘട്ടത്തിൽ എന്തിനുവേണ്ടി, എങ്ങിനെയാണ് ഈ പ്രതിമ നിർമ്മിക്കപ്പെട്ടത് എന്ന കാര്യത്തിൽ ഇപ്പോൾ നിരവധി അനുമാനങ്ങളുണ്ട് . അതിലൊന്നാണ് ഒറിയോൺ തിയറി (മുഖ്യധാരാഗവേഷകരിൽ ഒരു വിഭാഗം ഈ തിയറി നിഷേധിക്കുന്നു ) . ഇതനുസരിച്ച് സ്ഫിങ്ങ്സും , പുറകിലുള്ള ഗ്രേറ്റ് പിരമിഡും കൂടെയുള്ള മറ്റ് രണ്ട് പിരമിഡുകളും നിർമ്മിക്കപ്പെട്ടത് ക്രിസ്തുവിനും 10,500 വർഷങ്ങൾക്ക് മുൻപാണ് . അക്കാലയളവിൽ ഈജിപ്ത് ഇന്ന് കാണുന്നതുപോലെ വരണ്ടതുമായിരുന്നില്ല . അന്ന് ഈജിപ്ഷ്യൻ ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഓറിയോൺ നക്ഷത്രവ്യൂഹം എങ്ങിനെ , എവിടെ കാണപ്പെട്ടോ അതെ രീതിയിൽ , അതെ അനുപാതത്തിലാണ് മൂന്ന് പിരമിഡുകളും , സ്ഫിങ്ങ്സും നിർമ്മിച്ചത് എന്നാണ് ഈ തിയറി അവകാശപ്പെടുന്നത് . ഇതനുസരിച്ച് ഒറിയോൺ നക്ഷത്രവ്യൂഹത്തിന്റെ അരയിലുള്ള മൂന്ന് നക്ഷത്രങ്ങൾ മൂന്ന് പിരമിഡുകളെയും , തൊട്ടടുത്തുള്ള ലിയോ നക്ഷത്രവ്യൂഹം സ്ഫിങ്സിനെയും , നൈൽ നദി ആകാശഗംഗയെയും പ്രതിനിധാനം ചെയ്യുന്നു . ലിയോ നക്ഷത്രവ്യൂഹമാണ് സ്ഫിങ്ക്സിന്റെ സിംഹരൂപത്തിന് കാരണമെന്നും ഈ തിയറി പറയുന്നു . എന്നാൽ ഇത്രയും വർഷത്തെ പഴക്കം ഇതിനുണ്ടോ എന്നുള്ളതാണ് പലരെയും കുഴയ്ക്കുന്ന പ്രശ്‌നം . പക്ഷെ സമ്പന്നമായ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഉറവിടം ഇന്നും നമ്മുക്ക് അറിയില്ല .

പലപ്പോഴായി പല അറ്റകുറ്റപ്പണികളും നടന്നിട്ടുള്ളതിനാൽ കാലനിർണ്ണയം വിഷമംപിടിച്ച ഏർപ്പാടാണ് . മുഖഭാഗത്ത് നേർത്ത് കാണപ്പെട്ട ചുവന്ന പ്രതലം ഒരുകാലത്ത് സ്ഫിങ്ക്സിന് ആകമാനം ചുവന്ന നിറമായിരുന്നു ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്നു . പ്രതിമയെ സംരക്ഷിക്കുവാൻ തുത്മോസിസ് ഫറവോ വലിയൊരു മതിൽ ഇതിന് ചുറ്റും നിർമ്മിച്ചിരുന്നു . ഇതിനടിയിൽ ചെറിയ ടണലുകളും ,ചാലുകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് . അവയിൽ ചിലതൊക്കെ പഴയകാലത്തെ രഹസ്യവഴികളായിരുന്നു എന്നും ഏതോ രഹസ്യ ലൈബ്രറിയിലേക്കുള്ള തുരങ്കങ്ങളാണെന്നുമുള്ള തിയറികളും പ്രചാരത്തിൽ ഉണ്ട് . മാത്രവുമല്ല ഇതുപോലെ മറ്റൊരു സ്ഫിങ്ക്സ് ഇതിനടുത്തു തന്നെ കണ്ടുപിടിക്കപ്പെട്ടു എന്നും അത് ഇതുവരെയും മാന്തി പുറത്തെടുക്കുവാൻ കഴിഞ്ഞിട്ടില്ല എന്നും ചിലർ പറയുന്നുണ്ട് . എന്നാൽ മിക്ക ഗവേഷകരും ഇതൊക്കെ നിഷേധിക്കുകയാണ് .

എന്തായാലും കാലങ്ങളോളം മണലിനടിയിൽ സുരക്ഷിതമായി ഉറങ്ങിക്കിടന്നിരുന്ന ഈ ജീവി ഇന്ന് കാര്യമായ നാശം നേരിടുകയാണ് . മണൽക്കാറ്റ് കൊണ്ടുണ്ടാവുന്ന ക്ഷതമാണ് ആദ്യത്തേത് . കൂടാതെ ഈർപ്പവും , കൊയ്‌റോ നഗരത്തിൽ നിന്നുള്ള പുകയും സ്ഫിങ്ക്സിന് കാര്യമായ പരിക്കുകൾ ഏൽപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു . നിലവിലുള്ള പ്രതിമയോട് 2000തിലധികം ചുണ്ണാമ്പ് ബ്ലോക്കുകൾ കൂട്ടിച്ചേർത്താണ് സ്ഫിങ്ക്സിനെ നാം ഇന്ന് കാണുന്ന രീതിയിൽ മിനുക്കിയെടുത്ത് . എന്നാലും പ്രതിമയെ ജരാനരകൾ ബാധിച്ചു കഴിഞ്ഞു . ചരിത്രം തോണ്ടിയെടുക്കുന്നതിലും ശ്രദ്ധ ഉള്ള പ്രതിമ സംരക്ഷിക്കലാണ് എന്ന് ഈജിപ്ഷ്യൻ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ സ്ഫിങ്ക്സിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും, ചരിത്രങ്ങളും കുറച്ചുകാലത്തേക്ക് വിശ്രമിച്ചേ മതിയാവൂ .

താഴെ 1860 ൽ കഴുത്തറ്റം മണ്ണുമൂടിക്കിടന്ന അവസ്ഥയിലെടുത്ത ചിത്രം . Image Credit: Photographium Historic Photo Archive