സൂപ്പർകിംഗ് ആയി ആന്ധ്ര മുഖ്യൻ ജഗൻ മോഹൻ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാ മുന്‍മുഖ്യമന്ത്രിയുടെ പ്രജാവേദിക എന്ന കെട്ടിടം പൊളിച്ചു നീക്കിയതിന് പിന്നാലെ നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിച്ച് നീക്കാന്‍ ഒരുങ്ങി ജഗന്‍മോഹന്‍ റെഡ്ഡി. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയാല്‍ നായിഡുവിന്റെ ഈ വീടും പൊളിച്ചുനീക്കുമെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ വിജയസായ് റെഡ്ഡി പറഞ്ഞു.

ലീസിനെടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്നത്. എന്നാല്‍ ഈ വീട് നിര്‍മിച്ചിരിക്കുന്നതും നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് പുതിയ ആരോപണം. നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ പൊളിച്ചുനീക്കല്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, നായിഡുവിന്റെ വസതി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ നടപടികള്‍ എളുപ്പമാകില്ലെന്നാണ് സൂചന. ഈ കെട്ടിടത്തിനെ ചൊല്ലി കോടതിയില്‍ കേസ് നിലവിലുള്ളതും നടപടികള്‍ക്ക് തടസമാകും.

അതിനിടെ, എട്ടുകോടി രൂപ ചിലവഴിച്ച് പണിത പ്രജാവേദിക പൊളിച്ചുനീക്കിയതിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണെന്നാണ് ടി.ഡി.പി. നേതാക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രജാവേദിക പൂര്‍ണമായും പൊളിച്ചു നീക്കിയത്.