ഒരു രാജ്യം, ഒരു റേഷൻ കാർഡ്

ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയുമായി കേന്ദ്ര സർക്കാർ. പൊതുവിതരണ സംവിധാനം വഴിയുള്ള റേഷൻ രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. കുടിയേറ്റ തൊഴിലാളികളേയും സ്ഥലം മാറിപ്പോകുന്ന പാവപ്പെട്ടവരെയും സഹായിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാട് മാറി പോകുന്ന ദരിദ്രർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സബ്സിഡി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പദ്ധതി.ഇത് സംബന്ധിച്ച യോഗം ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), സെൻട്രൽ വെയർഹൗസിങ് കോ-ഓപ്പറേഷൻ (സി.ഡബ്ല്യു.സി), സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻസ് (എസ്.ഡബ്ല്യു.സി) പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഒരു വർഷത്തിനകം ഇതിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും.

വിവിധ സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടുതൽ റേഷൻ കാർഡുകൾ ഉപയോഗിച്ച് ആനൂകൂല്യങ്ങൾ നേടുന്നത് തടയാനും പുതിയ പദ്ധതിക്കാവും. കുടിയേറ്റ തൊഴിലാളികളാകും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുകയെന്ന് മന്ത്രി പറഞ്ഞു.അവർക്ക് പൂർണ്ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഏത് പൊതുവിതരണ കേന്ദ്രം തിരഞ്ഞെടുക്കണമെന്ന് ഗുണഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റേഷൻ കടകളിലും പി.ഒ.എസ് (പോയിന്റ് ഓഫ് സെയിൽ) മെഷിനുകൾ സ്ഥാപിക്കും. നിലവിൽ ആന്ധ്രപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ ഇതുണ്ട്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ത്രിപുര സംസ്ഥാനങ്ങൾ ഐ.എം.പി.ഡി.എസ് (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം)നടപ്പാക്കിയിട്ടുണ്ട് നടപ്പാക്കിയിട്ടുണ്ട്.