ബി.ജെ.പിയില്‍ ചേരാന്‍ കഴിഞ്ഞത് മുന്‍ജന്മ പുണ്യം: എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനികളും ദേശീയവാദികളുമായ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, മൗലാനാ അബ്ദുല്‍ കലാം ആസാദ്, ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് എന്നിവരെ അനുസ്മരിച്ചാണ് താന്‍ ദേശീയ മുസ്ലിമാണെന്ന് പറഞ്ഞതെന്നും ബി.ജെ.പിയില്‍ ചേരാന്‍ കഴിഞ്ഞത് തന്റെ മുന്‍ജന്മ പുണ്യമാണെന്നും എ.പി അബ്ദുള്ളക്കുട്ടി . ബി.ജെ .പിയില്‍ അംഗത്വം നേടിയതിന് ശേഷം ആദ്യമായി കണ്ണൂരില്‍ ബി. ജെ.പി ആസ്ഥാനത്തെത്തിയ എ .പി അബ്ദുള്ളക്കുട്ടിക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മുസ്ലിമാണെന്ന് താന്‍ പറഞ്ഞതിനെ വിമര്‍ശിച്ചുകൊണ്ട് ഒരുപാട് ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. ട്രോളര്‍മാര്‍ എന്റെ കഥ കഴിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ മൃഗം, ദേശീയ പക്ഷി.. എന്നൊക്കെ പറഞ്ഞാണ് എനിക്കെതിരെ ട്രോളുകള്‍.

എന്നാല്‍ ഇവരൊന്നും ദേശീയ പുഷ്പത്തെ കുറിച്ച് പറയുന്നില്ല. കാരണം അത് താമരയാണ്. ഇനി താമരയുടെ കാലമാണ് വരാന്‍ പോകുന്നത്. ട്രോളര്‍മാര്‍ക്ക് ചരിത്രബോധമില്ലാത്തതുകൊണ്ടാണ് എന്നെ ഇങ്ങനെ പരിഹസിക്കുന്നത്. എന്നാല്‍ ചില മാദ്ധ്യമപ്രവര്‍ത്തകരും തനിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് മുസ്ലിം, സംസ്ഥാന മുസ്ലിം… എന്നൊക്കെയുണ്ടോ എന്നാണ് അവരുടെ ചോദ്യം. ബോധപൂര്‍വംതന്നെയാണ് താന്‍ ദേശീയ മുസ്ലിമാണെന്ന് പറഞ്ഞത്. സ്വാതന്ത്ര്യ സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഹമ്മദലി ജിന്ന വിഭജനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനും മൗലാനാ അബ്ദുല്‍ കലാം ആസാദും ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും നിങ്ങളുടെ കുടുസ് രാഷ്ട്രീയത്തിന് പിന്തുണയില്ലെന്നും തങ്ങള്‍ ദേശീയ മുസ്ലിമാണെന്നും മുഹമ്മദലി ജിന്നയോട് പറഞ്ഞിരുന്നു. ആ ചരിത്രകാലഘട്ടത്തെ അനുസ്മരിക്കാന്‍ വേണ്ടിയാണ് താന്‍ ബോധപൂര്‍വം ദേശീയ മുസ്ലിം എന്ന വാക്ക് ഉപയോഗിച്ചത്.

ഈ ചരിത്രകാലഘട്ടത്തെ അനുസ്മരിക്കേണ്ട പ്രത്യേക അവസ്ഥയിലാണ് നമ്മുടെ രാജ്യം, പ്രത്യേകിച്ച് കേരളവും. ഹിന്ദുവിനെയും മുസ്ലീമിനെയും വെട്ടിമുറിക്കാനാണ് ഇന്നിവിടെ ചിലര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷം തെറ്റിദ്ധരിക്കപ്പെട്ടവരാണ്. പ്രധാനമന്ത്രിയുടെ ഏറ്റവും നല്ല നന്മ സത്യസന്ധതയും അഴിമതിയില്ലാത്തതുമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ലോകത്തിലെ ആദ്യത്തെയാള്‍ താനായിരിക്കും. നരേന്ദ്രമോദിയുടെ വികസനത്തെ സ്തുതിച്ചതിന്റെ പേരില്‍ എല്‍.ഡി എഫും യു.ഡി.എഫും തന്നെ പടിയടച്ച് പിണ്ഡം വെക്കുകയായിരുന്നു. എന്റെ രാഷ്ട്രീയ ഭാവി ഇവിടെ അവസാനിച്ചു എന്ന് ഞാന്‍ കരുതിയതാണ്. വീട്ടുകാരോട് ആലോചിച്ച് എന്തെങ്കിലും ജോലി തേടി പോകാമെന്നും കരുതിയിരുന്നു. എന്നാല്‍ താന്‍ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രിയെ ഒന്ന് കാണണെന്ന് തോന്നി. അങ്ങനെയാണ് ഡല്‍ഹിയിലേക്ക് പോയത്. തന്നെ അദ്ദേഹം വളരെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്.

നിങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ് പൊതുപ്രവര്‍ത്തനമാണെന്നും അത് അവസാനിപ്പിക്കരുതെന്നും അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതിന് ശേഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായെ കണ്ടു. ഇപ്പോള്‍ തന്നെ മെമ്പര്‍ഷിപ്പ് എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിച്ചിട്ട് പറയാമെന്ന് താന്‍ പറഞ്ഞു. അങ്ങനെയാണ് അടുത്ത ദിവസം അഞ്ചുരൂപ കൊടുത്ത് മെമ്പര്‍ഷിപ്പെടുത്തത്. മെമ്പര്‍ഷിപ്പിന്റെ പിറകുവശത്തെ പ്രതിജ്ഞ വായിച്ചപ്പോഴാണ് എനിക്ക് ബി.ജെ.പിയോട് കൂടുതല്‍ ആദരവ് തോന്നിയത്. ഗാന്ധിജിയുടെ മൂല്യങ്ങളായിരുന്നു പ്രതിജ്ഞയില്‍ എഴുതിയിരുന്നത്.ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ലോകം തന്നെ ഈ മഹത്തായ പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.