പ്രളയപുനര്‍ നിര്‍മാണ സഹായം; വായ്പ തിരിച്ചടവിന് 30 വര്‍ഷം

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ‘ക്ലൈമറ്റ് റിസിലിയന്‍സ് പ്രോഗ്രാ’മിലൂടെ ലോകബാങ്കില്‍ നിന്നും 1726 കോടി രൂപയുടെ ധനസഹായം ലഭിക്കും. 30 വര്‍ഷം കൊണ്ട തിരിച്ചടക്കേണ്ട വായ്പയില്‍ 1200 കോടിക്ക് ഒന്നേകാല്‍ ശതമാനവും ബാക്കി തുകയ്ക്ക് അഞ്ചു ശതമാനവുമാണ് പലിശ. ധനസഹായത്തിനുള്ള കരാറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ലോകബാങ്കും ഒപ്പുവച്ചു. സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമീര്‍കുമാര്‍ ഖാരെയും കേരളത്തിന് വേണ്ടി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോകബാങ്കിനു വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദും കരാറില്‍ ഒപ്പുവച്ചു.

പ്രളയം കേരളത്തിലെ ആറിലൊന്ന് വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചു. അടിസ്ഥാനസൗകര്യങ്ങളും വസ്തുവഹകളും നശിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ-ധനകാര്യ ശേഷികള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്. ജല വിതരണത്തിനുള്ള അടിസ്ഥാന ശൃംഖല മെച്ചപ്പെടുത്തുക, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനവും കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് മെച്ചപ്പെടുത്തലും, സുസ്ഥിരമായ റോഡ് ശൃംഖലയുടെ പുനര്‍നിര്‍മ്മാണം, അതീവ അപകട സാധ്യതാമേഖലയിലെ ഭൂപ്രകൃതിയുടെ കൃത്യമായ വിവരശേഖരണം, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ശേഷിയുടെ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയും സാമ്പത്തിക സഹായത്തിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെയുള്ള സാമ്പത്തിക പിന്തുണ കൂടുതല്‍ സാമ്പത്തിക വിഭവങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം വികസനപ്രവര്‍ത്തനങ്ങളിലേക്ക് മറ്റ് പങ്കാളികളെ ലഭിക്കുന്നതിനും ആഗോള തലത്തില്‍ നടന്നുവരുന്ന മികച്ച മാതൃകകള്‍ സ്വായത്തമാക്കുന്നതിനും സഹായിക്കുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ ടാസ്‌ക് ടീം ലീഡര്‍ ബാലകൃഷ്ണ മേനോന്‍ പറഞ്ഞു.