കസ്റ്റഡിമരണം: ഇപ്പോള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേയെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രതികരണവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍. കുറച്ചുമുമ്പുവരെ ഇതായിരുന്നില്ലല്ലോ അവസ്ഥയെന്നും ഇപ്പോള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേയെന്നും സെന്‍കുമാര്‍ ചോദിച്ചു.

പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംഗ് വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരാണു പല പാര്‍ട്ടി ഓഫീസുകളുടെയും ചെലവു വഹിക്കുന്നത്. ഇവരാണു സംഘടിത കുറ്റകൃത്യസംഘങ്ങളായി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനു പറ്റിയ ഐപിഎസുകാരെ മുകളില്‍വയ്ക്കുന്നുവെന്നും യാതൊരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കുന്ന ഐപിഎസുകാരാണ് ശരിയായ കുറ്റക്കാരെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.