പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആത്മീയ സമ്മേളനം 4നു ആരംഭിക്കും

നിബു വെള്ളവന്താനം / കുര്യന്‍ സഖറിയ

മയാമി: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സമ്മേളനത്തിന് മയാമി പട്ടണം ഒരുങ്ങി. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ
സമ്മേളനമാണ് പി.സി.എന്‍.എ.കെ.അമേരിക്കന്‍ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന മയാമി പട്ടണത്തില്‍ വെച്ചാണ് 37മത് കോണ്‍ഫ്രന്‍സ് നടത്തുന്നത്. ” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍” എന്നുള്ളതാണ് കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം.

ശക്തമായ ആത്മപകര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദൈവവചന പ്രഭാഷകരാണു ഈവര്‍ഷത്തെ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്. പി.സി.എന്‍.എ.കെ നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി.ജോണ്‍ 4 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മഹാസമ്മേളനം ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ സാം വര്‍ഗീസ് കാനഡ പ്രഥമ ദിവസത്തെ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ഉത്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

ചര്‍ച്ച് ഓഫ് ഗോഡ് അന്തര്‍ദേശീയ ഓവര്‍സീയര്‍ റവ.ഡോ. ടിം ഹില്‍, പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, റവ. പി.എസ് ഫിലിപ്പ്, ഡോ. വല്‍സന്‍ ഏബ്രഹാം, പാസ്റ്റര്‍ റെജി ശാസ്താംകോട്ട, പാസ്റ്റര്‍ വില്‍സന്‍ ജോസഫ് തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും മറ്റ് പ്രഗത്സരായ പ്രാസംഗികരും ദൈവ വചന ശുശ്രൂഷകള്‍ നടത്തും. റവ.ജോണ്‍ ഡോര്‍ട്ടി യുവജന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 5 വരെയും ശനി രാവിലെ 8 മുതല്‍ 10.30 വരെയും രണ്ട് സെക്ഷനുകളായി നടത്തുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ആന്‍സി ജോര്‍ജ് ആലപ്പാട്ട് (ബഹറിന്‍) പ്രഭാഷണം നടത്തും. ഡോ. ജെസ്പിന്‍ മലയില്‍, സിസ്റ്റര്‍ ഷീബ ചാള്‍സ്, ഡോ. ജൂലി തോമസ് തുടങ്ങിയവര്‍ ദൈവ വചന ശുശ്രൂഷകള്‍ നയിക്കും.ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ഡോ. വിജി തോമസിന്റെ നേതൃത്വത്തില്‍ ആരോഗ്യ സെമിനാര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

നാല് ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും ബൈബിള്‍ ക്ലാസ്സ്, പൊതുയോഗം, ഉണര്‍വ്വ് യോഗം, യുവജനസമ്മേളനം, സുവിശേഷ യോഗം തുടങ്ങിയവ ഉണ്ടായിരിക്കും. ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനങ്ങളും, യൂത്ത് വര്‍ഷിപ്പ്, റൈറ്റേഴ്‌സ് ഫോറം, ഗ്ലോബല്‍ പ്രയര്‍ ഫെലോോഷിപ്പ്, ഐ.സി.പി .എഫ് യോഗം, ആന്‍റമാന്‍ പ്രവാസി സംഗമം, കുമ്പനാട് സംഗമം  തുടങ്ങിയുള്ള ഓരോ മീറ്റിംഗുകളും വ്യത്യസ്തമായ രീതിയില്‍ ആത്മീയ ഉത്തേജനം ലഭ്യമാക്കുന്ന തലത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വചനധ്യാനം, വുമണ്‍സ് ഫെലോഷിപ്പ്, കുട്ടികളുടെ യോഗങ്ങള്‍, ധ്യാന സമ്മേളനങ്ങള്‍ എന്നിവയും, സമാപനദിവസമായ ഞായറാഴ്ച സംയുക്ത ആരാധനയും, ഭക്തിനിര്‍ഭര്‍മായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.ആത്മീയ ആരാധന ശുശ്രൂഷ നയിക്കുന്നത് പ്രമുഖ വര്‍ഷിപ്പ് ലീഡേഴ്‌സായ ഡോ. റ്റോം ഫിലിപ്പ്, സിസ്റ്റര്‍ ഷാരന്‍ കിങ്ങ്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ ക്വയര്‍ ടീമാണ്. സാബി കോശി, സാജന്‍ തോമസ് എന്നിവര്‍ സംഗീത ശുശ്രൂഷകള്‍ നിയന്ത്രിക്കും. സിസ്റ്റര്‍ സൂസന്‍ ബി ജോണ്‍ രചിച്ച തീം സോങ്ങ് ഉത്ഘാടന സമ്മേളനത്തില്‍ ആലപിക്കും.കുഞ്ഞുമനസുകളില്‍ ആഴത്തില്‍ ദൈവസ്‌നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ്‌പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗണ്‍സലിംഗ്, മിഷന്‍ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിള്‍ ക്ലാസുകള്‍, ഹിന്ദി സര്‍വ്വീസ്, അഡല്‍റ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക സെക്ഷനുകളും ചതുര്‍ദിനങ്ങളില്‍ നടത്തപ്പെടുക. വെള്ളിയാഴ്ച ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും 10 മിനിറ്റ് യാത്ര ചെയ്താല്‍ സമ്മേളന സ്ഥലമായ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്താം. ലോകോത്തര നിലവാരമുള്ള കോണ്‍ഫ്രന്‍സ് സെന്ററും വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവുമാണ് ഇവിടെ ഉള്ളത്. കണ്‍വന്‍ഷന്‍ നഗറില്‍ വിവിധ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. പി.സി.എന്‍.എ.കെ യുടെ ചരിത്രത്തിലാദ്യമായി ബൈബിള്‍ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങുന്നത് ശ്രദ്ധേയമാണ്. കണ്‍വന്‍ഷനോടനുബന്ധിച്ച് എത്തുന്നവര്‍ക്ക് വിനോദ സഞ്ചാരത്തിനുള്ള ക്രമീകരണങളും പ്രധാന സ്‌റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യങളും നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രുത്വത്തില്‍ ചെയ്തു കഴിഞ്ഞു. പി.സി.എന്‍.എ.കെ ആപ്ലീക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണിലും ആപ്പിള്‍ ഫോണിലും
ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഓരോ ദിവസത്തെയും പ്രോഗ്രാമുകള്‍ മുന്‍കൂട്ടി അറിയുവാന്‍ സാധിക്കും.

വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്‍ത്വനയോടും കാത്തിരുന്ന ദിവസങ്ങളാണു ഇനിവരാനുള്ളത്. ദൈവജനത്തിന്റെ ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ആത്മീയ പരിപോഷണത്തിന്റെയും നല്ലദിനത്തെ വരവേല്‍ക്കാന്‍ മയാമി പട്ടണത്തിലുള്ള ദൈവസഭകളും വിശ്വാസിമക്കളും തയ്യാറായിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും അമേരിക്കന്‍ / ഇന്ത്യന്‍ രീതിയില്‍ രുചികരമായ ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുങ്ങിക്കഴിഞ്ഞു. ആരംഭ ദിവസം യോഗാവാസനാമായിരിക്കും ഡിന്നര്‍ ലഭ്യമാക്കുന്നതെന്ന് ഫുഡ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സിലേക്ക് കടന്നുവരുന്ന ദൈവമക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനുവേണ്ടി നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും പരസ്പരം ഐക്യതയോടെ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കുറ്റമറ്റ നിലയിലുള്ള ഒരു കോണ്‍ഫ്രന്‍സ് നടത്തുക എന്ന ലക്ഷ്യത്തോടെയും സമര്‍പ്പിത മനോഭാവത്തോടെ, നേത്യത്വ പാടവത്തോടെ ശക്തമായ സംഘാടക ശേഷിയുള്ള നാഷണല്‍ ലോക്കല്‍ ഭാരവാഹികളാണ് കോണ്‍ഫ്രന്‍സ് നിയന്ത്രിക്കുന്നത്.ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കര്‍ത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുവാനായി നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി ജോണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വിജു തോമസ്, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബിജു ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം, നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അനു ചാക്കോ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണല്‍ ഭാരവാഹികളോടൊപ്പം ലോക്കല്‍ കമ്മറ്റി പ്രവര്‍ത്തകരായ റ്റിനു മാത്യു, ഡാനിയേല്‍ കുളങ്ങര, പാസ്റ്റര്‍ സാം പണിക്കര്‍, രാജന്‍ സാമുവേല്‍, പാസ്റ്റര്‍ മനു ഫിലിപ്പ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനയോടെ അഹോരാത്രം കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

മയാമി എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ഡബിള്‍ ട്രീ ഹോട്ടല്‍ ഷട്ടില്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ (എഘഘ) എയര്‍ പോര്‍ട്ടില്‍ നിന്നും ജഇചഅഗ 2019 എന്ന് എഴുതിയിട്ടുള്ള വാഹനങ്ങളില്‍ കയറിയാല്‍ ഹോട്ടലില്‍ എത്തിച്ചേരാം. വാഹന ഗതാഗത സൗകര്യങ്ങളുടെ വിവരങ്ങള്‍ അറിയുവാന്‍ ജിം മരത്തിനാല്‍ 863 529 6312, സാംജി ഗീവര്‍ഗീസ് 954 288 0801, എബി ജോസഫ് 954 397 0995 എന്നിവരെ ബദ്ധപ്പെടാവുന്നതാണ്.

പ്രസ്ലി പോള്‍, ജേക്കബ് ബെഞ്ചമിന്‍, ജ്യോതിഷ് ഐപ്പ് എന്നിവരുടെ നേത്യത്വത്തില്‍ രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. പാസ്റ്റര്‍മാരായ ജോര്‍ജ് പി. ചാക്കോ, സ്റ്റാന്‍ലി ജോസഫ്, ജോര്‍ജ് വര്‍ഗീസ്, ഐസക് വര്‍ഗീസ് എന്നിവരുടെ ചുമതലയില്‍ 2018 ജൂലൈ 17 മുതല്‍ ആരംഭിച്ച പ്രയര്‍ ലൈന്‍ പ്രാത്ഥനകള്‍ കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള അനുഗ്രഹങ്ങള്‍ക്ക് കാരണമായിത്തിര്‍ന്നുവെന്ന് കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി ജോണ്‍ പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലെ പകല്‍ യോഗങ്ങളില്‍ മാത്രമേ പ്രസിന്ധികരണങ്ങളുടെ പ്രകാശന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയുള്ളുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. കോണ്‍ഫന്‍സിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ കുര്യന്‍ സഖറിയ അറിയിച്ചു.

Picture2

മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത പിതാക്കന്മാര്‍ ത്യാഗമനോഭാവത്തോടെ നട്ടുവളര്‍ത്തിയ പി.സി.എന്‍.എ.കെ എന്ന കൂട്ടായ്മ മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.
കോണ്‍ഫ്രന്‍സുകളില്‍ കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത
ആരാധനയോടും ഭക്തി നിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnakmiami.org