അമിത്ഷാ അടക്കമുള്ളവര്‍ ഭരണഘടനാ നിയമങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് മുഹമ്മദ് തരിഗാമി

ശ്രീനഗര്‍: കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ നിയമങ്ങള്‍ അമിത് ഷായും രാം മാധവും അടങ്ങുന്ന നേതാക്കള്‍ വളച്ചൊടിക്കുന്നുവെന്ന് കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി.

ഭരണഘടനയിലെ ‘ആര്‍ട്ടിക്കിള്‍ 370’ ബി.ജെ.പി നേതാക്കള്‍ വളച്ചൊടിക്കുകയാണ്. ഭരണഘടനയിലെ ഈ അനുച്ഛേദം ഒരു താത്കാലിക വ്യവസ്ഥ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അമിത് ഷായും രാം മാധവും അടക്കമുള്ള നേതാക്കളെന്നും തരിഗാമി പറയുന്നു.

ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നത് ഭരണഘടനയിലുള്ള ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ജമ്മു കാശ്മീരുമായുള്ള ബന്ധം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും തരിഗാമി പറഞ്ഞു. ഇത് താത്കാലിക നിബന്ധന അല്ലെന്നും ഭരണഘടനയുടെ അടിസ്ഥാന ഭാഗങ്ങളില്‍ ഒന്നാണെന്നും തരിഗാമി കൂട്ടിച്ചേര്‍ത്തു. ഒരു മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമായിട്ടും പാക്കിസ്ഥാന്റെ ഭാഗമാകാതെ ഇന്ത്യയിലേക്ക് ജമ്മു കശ്മീര്‍ ചേര്‍ന്നതും ആര്‍ട്ടിക്കിള്‍ 370 കാരണമാണെന്നും തരിഗാമി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ഒരു താത്ക്കാലിക നിബന്ധന മാത്രമാണെന്നും അത് കാലാകാലം നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.