ബിജെപി എംഎല്‍എയെ വിമര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച ബി.ജെ.പി എം.എല്‍.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എം.എല്‍.എ ആകാശ് വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. കുറ്റം ചെയ്തയാള്‍ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ ഉദ്യോഗസ്ഥനെ എംഎല്‍എ കൈയ്യേറ്റം ചെയ്തത്. എം.എല്‍.എയും ഉദ്യോഗസ്ഥനും തമ്മില്‍ വക്കേറ്റമുണ്ടാവുകയും ഇതേതുടര്‍ന്ന് എം.എല്‍.എ ബാറ്റുപയോഗിച്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് എം.എല്‍.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മാധ്യപ്രവര്‍ത്തകരുടെയുംനാട്ടുകാരുടെയും മുമ്പില്‍ വെച്ചായിരുന്നു മര്‍ദനം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ഉദ്യോസ്ഥരെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡിലായ ആകാശിന് നാലു ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം കിട്ടിയത്.