രാജ് കുമാറിന്റെ മരണം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് അമ്മയുടെ മാര്‍ച്ച്

തിരുവനന്തപുരം: രാജ് കുമാറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ കസ്തൂരി സെക്രട്ടേറിയറ്റിലേക്ക് സങ്കട മാര്‍ച്ച് നടത്തി.കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ മാതാവ് രമണി പ്രമീളയും മാര്‍ച്ചില്‍ പങ്കെടുത്തു.

മാര്‍ച്ചില്‍ ഇരുവരുടേയും കുടുബാംഗങ്ങളും പങ്കെടുത്തു. രാജ്കുമാറിന്റെ മരണത്തിൽ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തയല്ലെന്നും കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യമാണെന്നും കസ്തൂരി പറഞ്ഞു.

രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിലെ ഉന്നതരുടെ സ്വാധീനത്തെ കുറിച്ച് ആകുലതയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.