കസ്റ്റഡി മരണം, എസ്..ഐ റിമാൻഡില്‍

നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ അറസ്റ്റിലായ എസ്.ഐ കെ.എ സാബുവിനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാബുവിന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്ന് കാർഡിയോളജി വിഭാഗം അറിയിച്ചു. നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ സാബുവിനെ ഇന്ന് ഉച്ചയോടെ ഡിസ്‍ചാർജ് ചെയ്തു. ഇയാളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി. ഏറ്റുമാനൂർ മജിസ്ട്രേറ്റ്, കോട്ടയം മെഡിക്കൽ കോളേജിലെത്തിയാണ് സാബുവിനെ റിമാൻഡ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് എസ്.ഐ സാബു. കസ്റ്റഡി മർദ്ദനം തടയുന്നതിൽ എസ്.ഐക്ക് ഗുരുതര വീഴ്‍ചയുണ്ടായെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.