ശബരിമല: സമരങ്ങള്‍ വെറുതെയാകുമെന്ന് കര്‍മ്മസമിതി

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ ഇതുവരെ നടത്തിയ സമരങ്ങൾ വെറുതെയാകുമെന്നും ശബരിമല കർമ്മസമിതി പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ആത്മവിമർശനം. യുവതി പ്രവേശനത്തിനെതിരെയുള്ള സമരങ്ങൾ മൂന്ന് മാസമായി നിലച്ചു. പ്രവർത്തകർക്കെതിരെ നിരവധി കേസുകൾ വന്നത് സമരങ്ങൾക്ക് തടസമായെന്ന് കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ വീണു പോയെന്ന് കർമ്മസമിതി സംസ്ഥാന യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം,നിർജീവമായ സമരപരിപാടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് പന്തളത്ത് ചേർന്ന ശബരിമല കർമ സമിതി യോഗത്തിൽ തീരുമാനമെടുത്തു. നിയമനിർമ്മാണത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സർക്കാർ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ശക്തമായ തുടർസമരം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് മറിച്ചാണെങ്കിൽ കേന്ദ്രം നിയമനിർമ്മാണം നടത്തും എന്നാണ് പ്രതീക്ഷ. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പരിപാടികളിൽ വ്യക്തമാക്കിയതാണ്. ഇതിനായി കർമ്മസമിതി സമ്മർദ്ദം ചെലുത്തേണ്ട കാര്യമുണ്ടാക്കില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.