ഗംഭീര ബജറ്റെന്ന് യൂസഫ് അലി

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ വാനോളം പുകഴ്ത്തി എം എ യൂസഫ് അലി. നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റിലവതരിപ്പിച്ച ബജറ്റ് എല്ലാ പ്രധാന മേഖലകളെയും സ്പര്‍ശിക്കുന്നതും 5 ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടനയിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ ത്വരിതമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മലയാളിയുമായ യുസഫ് അലി എംഎ അഭിപ്രായപ്പെട്ടു. കാര്‍ഷിക വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും സംരംഭകത്വത്തിനും ഇന്ത്യയെ ഒരു ഉയര്‍ന്ന വിദ്യാഭ്യാസകേന്ദ്രവുമാക്കാനുള്ള നീക്കത്തിനും വ്യവസ്ഥ ചെയ്യുന്ന ഈ ബജറ്റ് സുപ്രധാനമായ മറ്റു ചില വ്യവസ്ഥകള്‍ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളാണ് ഇന്ത്യയുടെ പ്രധാന ശക്തി.

വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുളള ഒരു നയം സ്റ്റാര്‍ട്ട് അപ്പ് ബിസിനസുകളെ സഹായിക്കും. റയില്‍വേയെ പുതിയ രീതിയില്‍ നോക്കിക്കണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ആഭ്യന്തര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കും. താനെന്നും പിപിപിയുടെ വക്താവാണെന്നും ഈ ബജറ്റില്‍ ധനമന്ത്രി അത്തരം നിരവധി പദ്ധതികള്‍ മുന്നോട്ടവച്ചിട്ടുണ്ടെന്നും യൂസഫ് അലി ചൂണ്ടിക്കാട്ടി. ആധാര്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും. എന്‍ആര്‍ഐ നിക്ഷേപങ്ങളെയും വിദേശനിക്ഷേപങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്യുന്നതിലൂടെ വ്യവസായരംഗത്തെ പല കടമ്പകളും സുഗമമാകുമെന്നും യൂസഫ് അലി പറഞ്ഞു