ജര്‍മന്‍ യുവതി തിരോധാനം; ഇന്റര്‍പോളിന്റെ യെല്ലോ നോട്ടീസ്

തലസ്ഥാനത്ത് വിമാനമിറങ്ങി കാണാതായ ജർമൻ യുവതി ലിസ വെയ്‌സിനെ കണ്ടെത്താൻ യെല്ലോ നോട്ടിസുമായി ഇന്റർപോൾ. യുവതിയെ കണ്ടെത്താൻ സംസ്ഥാന പൊലീസ് നേരത്തേ ഇന്റർപോളിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റർപോൾ യെല്ലോ നോട്ടിസ് പുറപ്പെടുവിക്കുന്നത്. ലുക്ക് ഔട്ട് നോട്ടിസിന് സമാനമായി കാണാതായവരെ കണ്ടെത്താനായി രാജ്യാന്തര തലത്തിൽ പുറപ്പെടുവിക്കുന്നതാണ് യെല്ലോ നോട്ടിസ്.

മാർച്ച് 7ന് തലസ്ഥാനത്ത് എത്തിയ യുവതി 10ന് അമ്മ കാത്രി വെയ്‌സിന് മതപരിവർത്തനം സംബന്ധിച്ച ഒരു സന്ദേശമയിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. ലിസയുടെ തിരോധാനത്തെക്കുറിച്ച് കൊച്ചി സിറ്റി ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ഇവർക്കൊപ്പമുണ്ടായിരുന്ന യുകെ പൗരൻ മുഹമ്മദ് അലി നെടുമ്പാശേരി വിമാനത്താവളം വഴിയാണു മടങ്ങിയതെന്ന വിവരത്തെ തുടർന്നാണ് എറണാകുളം ജില്ലയിൽ അന്വേഷണം. െ്രെകംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഷാഡോ പൊലീസും തിരച്ചിലിൽ സഹായിക്കുന്നു. സംസ്ഥാന പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടിസിനെ തുടർന്നു ദിവസേന നിരവധി പേർ ഫോണിലൂടെയും അല്ലാതെയും പൊലീസിനെ ബന്ധപ്പെടുന്നുണ്ട്. പലയിടങ്ങളിലും ഇവരെ കണ്ടതായി ഫോൺകോളുകളും വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ വിശ്വാസ്യയോഗ്യമായ വിവരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. ഇ വർ രാജ്യാതിർത്തി വഴി മറ്റു രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവളത്ത് കാണാതായ വിദേശ വനിത കൊല്ലപ്പെട്ടത് പൊലീസിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. അതിനാൽ ഇത്തവണ പഴുതടച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.