പ്രതിസന്ധിയൊഴിയാതെ കര്‍ണാടക; എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തിലെന്ന് സൂചന

ബെംഗളുരു: കര്‍ണാടക സര്‍ക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കി രാജിവച്ച എംഎല്‍എമാര്‍ മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ മുംബൈയിലെ തന്നെ പവായിയിലുള്ള സ്വകാര്യ ഹോട്ടലില്‍ തന്നെയാണെന്നാണ് വിവരം. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുനെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കമെന്നാണ് സൂചന.

ഇവരെ മുംബൈയിലെ തന്നെ മറ്റൊരു രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തങ്ങിയിരുന്ന ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും ഇവരെ രഹസ്യമായി മാറ്റിയിരുന്നു. ഇതോടെ ഹോട്ടലിന്റെ മുമ്പില്‍ നിന്നും മുംബൈ പൊലീസ് സുരക്ഷ പിന്‍വലിച്ചു.

കര്‍ണാടക രാഷ്ട്രീയത്തിന് ഇന്ന് നിര്‍ണായക ദിനമാണ്. 13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. സമ്പൂര്‍ണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എല്‍.എമാരെ ഒപ്പം കൂട്ടാന്‍ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. അതേസമയം മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വര്‍ധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്.

കഴിഞ്ഞ ദിവസം രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആര്‍.ശങ്കറും ബി.ജെ.പി പാളയത്തില്‍ എത്തി കഴിഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗും പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭ രൂപീകരിയ്കാനുള്ള കേവല ഭൂരിപക്ഷം ഇപ്പാള്‍ ഉള്ളത് ബി.ജെ.പിയുടെ കൈവശമാണ്. സംസ്ഥാനത്തിന് പുറത്ത് റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരിലാണ് ഇനിയുള്ള സര്‍ക്കാറിന്റെ പ്രതീക്ഷ. ചുരുങ്ങിയത് ഏഴ് പേരെയെങ്കിലും തിരികെയെത്തിക്കാന്‍ ശ്രമിച്ചാല്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കും.രാജി നല്‍കിയ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി, അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കൂടെ കൂട്ടി, ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലഷ്യമിടുന്നത്.

സര്‍ക്കാരിന്റെ നിലനില്‍പ്പ് തുലാസിലായ ഘട്ടത്തില്‍ ഇന്ന് രാവിലെ നടക്കുന്ന കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഏറെ നിര്‍ണായകമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുംബൈയിലേക്ക് എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ പോയ ഡി.കെ.ശിവകുമാറിലാണ് സര്‍ക്കാറിന്റെ പ്രതീക്ഷകള്‍. ഇതും പാളിയാല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തും എന്നതിന് ഒരു സംശയവും വേണ്ട.