വൈദ്യുതി നിരക്ക് വർധിച്ചു; ബിപിഎല്ലുകാർക്ക് ബാധകമല്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു. പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു. 2019 – 22 കാലത്തേക്കാണു വർധന. ഇതിനു മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്നു വർധിപ്പിച്ചത്.